പാര്‍ട്ടിയില്‍ അടിമുടി മാറ്റങ്ങള്‍ ഉണ്ടാകും; എന്നോട് ചൂണ്ടിക്കാണിച്ച കാര്യങ്ങളില്‍ ഞാനും മാറ്റം വരുത്തും; എം വി ഗോവിന്ദന്‍

കോഴിക്കോട്: തെറ്റ് തിരുത്തലിന് വേണ്ടിയുള്ള വിപുലീകൃത സംസ്ഥാന സമിതിക്ക് ശേഷം ആദ്യമായി മനസ് തുറന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടിയില്‍ അടിമുടി മാറ്റങ്ങള്‍ ഉണ്ടാകും. ഒരു വിഭാഗം ജനങ്ങളുമായി പാര്‍ട്ടിക്ക് ഹൃദയബന്ധം കുറഞ്ഞു. ജനങ്ങളുമായി നേരിട്ട് ഇടപെടാന്‍ കേന്ദ്ര നേതൃത്വം മുതല്‍ എല്ലാവരും ഇറങ്ങണമെന്നും എം വി ഗോവിന്ദന്‍ ട്വന്റിഫോറിനോട് പറഞ്ഞു. തിരുത്തലുകള്‍ക്ക് താന്‍ വിധേയനാകുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്. നല്ല രീതിയില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് സഖാക്കളും ഘടകങ്ങളുമൊക്കെ ഇപ്പോഴുമുണ്ട്. എന്നുപറഞ്ഞാല്‍ ജനങ്ങളില്‍ നിന്ന് പഠിക്കുക. ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുക -അദ്ദേഹം പറഞ്ഞു.

തന്നോട് ചൂണ്ടിക്കാണിച്ച എന്തൊക്കെ മാറ്റങ്ങള്‍ വേണോ അതിലൊക്കെ മാറ്റം വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന രീതിയിലും അതിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്ന പാര്‍ട്ടി സിപിഐഎം എന്ന രീതിയിലും നല്ല മൂല്യബോധത്തോട് കൂടി രാഷ്ട്രീയ ധാരണയോട് കൂടി ഈ പാര്‍ട്ടിയെ ആകെ മുന്നോട്ട് നയിക്കുന്നതിനായി ശ്രമിക്കും. ഇതിനായി നല്ല പശ്ചാത്തലം ഒരുങ്ങിയിരിക്കുന്നു എന്നാണ് പൂര്‍ണമായി വിശ്വസിക്കുന്നത്. അതിനനുസരിച്ച് പാര്‍ട്ടിയെ മുന്നോട്ടേക്ക് നയിക്കും – അദ്ദേഹം പറഞ്ഞു.

പി ജയരാജന്റെ സെക്രട്ടേറിയറ്റ് പ്രവേശനത്തെ വേറിട്ട് കാണേണ്ടതില്ലെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് പൊതുവായ ലക്ഷ്യമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഏതെങ്കിലും ഒരാള്‍ അകത്തുള്ളതുകൊണ്ടോ പുറത്തുള്ളതുകൊണ്ടോ പരിഹരിക്കുന്നതല്ല ഈ പ്രശ്‌നങ്ങളെല്ലാം. എന്നാല്‍, പാര്‍ട്ടി വിപുലീകരണത്തിന്റെ ഭാഗമായി മൂന്ന് സഖാക്കളെ എടുക്കാന്‍ തീരുമാനിക്കുമ്പോള്‍ അതില്‍ എം ബി രാജേഷിനെയും ശിവന്‍കുട്ടിയേയും പി ജയരാജനെയും എടുത്തിരിക്കുന്നു. അത്ര കണ്ടാല്‍ മതി – അദ്ദേഹം പറഞ്ഞു.പിണറായി വിജയന് എതിരായ ഇഡി വേട്ടയെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പിണറായി സഖാവിനെ ലക്ഷ്യം വച്ചുള്ള കടന്നാക്രമണമാണ്. പിണറായിയാണ് ലക്ഷ്യമെന്ന് ഞങ്ങള്‍ മുന്നേ പറഞ്ഞതാണ്. ആ ലക്ഷ്യത്തിലെത്തുന്നതിന് വേണ്ടിയുള്ള കഥകളാണ് ഉണ്ടാക്കുന്നത്. ഓരോ ദിവസവും ഉണ്ടാക്കുന്ന കഥകള്‍ക്ക് കൃത്യമായ മറുപടി രണ്ടാമത്തെ ദിവസം കിട്ടുന്നുണ്ട്. ഇതൊക്കെ കോടതിയിലെത്തിയാല്‍ ഒന്നുമല്ലാതാകും – അദ്ദേഹം പറഞ്ഞു. ട്വന്റിഫോര്‍ ആന്‍സര്‍ പ്ലീസ് പരിപാടിയില്‍ ആണ് എം വി ഗോവിന്ദന്‍ മനസ് തുറന്നത്. അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇന്ന് ഉച്ച കഴിഞ്ഞ് 2.30ന് കാണാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights