സർക്കാർ വിരുദ്ധ വീഡിയോകളുടെ പ്രചാരണം കുറയ്ക്കാൻ സമൂഹ മാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്രം

ന്യൂഡൽഹി: ഡല്‍ഹി സമരത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. യൂട്യൂബും, എക്‌സും, ഗൂഗിളും പ്രത്യേക നിരീക്ഷണത്തില്‍. അല്‍ഗോരിതം പ്രവര്‍ത്തിക്കുന്നതില്‍ ബാഹ്യ ഇടപെടലുണ്ടോയെന്ന് അന്വേഷിക്കുകയാണ് സര്‍ക്കാര്‍. വീഡിയോകള്‍ സജസ്റ്റ് ചെയ്യുന്ന രീതിയില്‍ പ്രത്യേക പരിശോധന നടത്താന്‍ നീക്കം. നിലവിലെ അല്‍ഗോരിതം മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മെറ്റയോട് ആവശ്യപ്പെട്ടെന്ന് റിപ്പോർട്ടുണ്ട്. വിഷയത്തില്‍ മെറ്റയുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും.

കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സിജെപി സമരത്തിന് പിന്നാലെ കേന്ദ്രം സമൂഹമാധ്യങ്ങളെ വേട്ടയാടുന്നുവെന്നാണ് ആരോപണം. പ്രതിപക്ഷ നേതാക്കളുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്ക്‌ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വിരുദ്ധ വിഡിയോകളുടെ പ്രചാരണം കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ നീക്കം . സര്‍ക്കാര്‍ നീക്കം അപലപനീയം എന്ന് പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി.ഡല്‍ഹിയിലെ കോക്രോച്ച് ജനതാപാര്‍ട്ടി സമരവുമായി ബന്ധപ്പെട്ട റീലുകള്‍ ഇസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്‌തെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. കേന്ദ്രസര്‍ക്കാരും മെറ്റയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് വ്യാപകമായി റീലുകള്‍ അപ്രത്യക്ഷമായത്. ദശലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ടായിരുന്ന വിഡിയോകള്‍ നീക്കം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

യൂത്ത് കോണ്‍ഗ്രസ്, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവരുടെ പേജുകളിലെ പോസ്റ്റുകള്‍ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തതായും പരാതി ഉയർന്നിരുന്നു. പ്രതിഷേധ വീഡിയോകളുടെ പ്രചാരം കുറയ്ക്കാന്‍ അല്‍ഗോരിതത്തില്‍ മാറ്റം വരുത്തിയതായുള്ള സംശയവും ഉയർന്നിരുന്നു. കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാണ് സംഭവത്തില്‍ മെറ്റ നല്‍കുന്ന വിശദീകരണം. വിഷയത്തില്‍ സിജെപി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പൗരാവകാശങ്ങള്‍ക്കും മേലുള്ള കടന്നുകയറ്റമാണെന്ന് സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് ആരോപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights