ക്ഷേമപെൻഷൻ വിതരണം ബാങ്ക് വഴിയാക്കിയ തീരുമാനം ഉടൻ നടപ്പാക്കില്ല; ഓണക്കാല പെൻഷൻ പഴയ രീതിയിൽ തന്നെ നൽകാൻ തീരുമാനം

തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം ബാങ്ക് വഴിയാക്കിയ തീരുമാനം സർക്കാർ ഉടൻ നടപ്പിലാക്കില്ല. ഓണക്കാലത്തെ പെൻഷൻ പഴയ രീതിയിൽ തന്നെ നൽകും. തത്വത്തിലുള്ള നിർദേശം മാത്രമാണ് പുറത്തിറക്കിയതെന്ന് സർക്കാർ വ്യക്തമാക്കി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ പുതിയ രീതിയിലേക്ക് മാറുകയുള്ളൂ.സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിക്കില്ലെന്ന സർക്കാർ ഉത്തരവ് വിവാദമായിരുന്നു. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചിരുന്നു. പിന്നാലെ നേരിട്ടുള്ള ക്ഷേമ പെന്‍ഷന്‍ വിതരണം ഒഴിവാക്കുന്നതില്‍ വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തി.വിതരണം ചെയ്യാത്ത തുക തിരിച്ചടയ്ക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നുവെന്നും പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ പൊരുത്തക്കേടുകൾ ഉണ്ടെന്നുമായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. അര്‍ഹതയില്ലാത്തവര്‍, ഒന്നില്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവരെ ഒഴിവാക്കാനാണ് നടപടി. കേന്ദ്ര സഹായം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ബാങ്ക് വഴി വിതരണമെന്നും വിശദീകരണത്തില്‍ പറഞ്ഞിരുന്നു.

സഹകരണ ബാങ്കുകളിലൂടെ വിതരണം ചെയ്യുന്നതിൽ ചെലവ് കൂടുതലാണെന്നും വാണിജ്യ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം പെൻഷൻ വിതരണം ചെയ്യാനും തീരുമാനമുണ്ടായിരുന്നു. പൂർണ്ണമായും കിടപ്പിലായ രോഗികൾക്ക് പെൻഷൻ വീട്ടിലെത്തിക്കും. വിതരണം ചെയ്യാതെ ശേഷിക്കുന്ന പെൻഷൻ തുകകൾ സമയബന്ധിതമായി സർക്കാരിന് തിരിച്ചടയ്ക്കുന്നതിലുള്ള കാലതാമസം, സേവന പോർട്ടലിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ യഥാസമയം നടത്തുന്നതിലെ വീഴ്ച, അതുവഴി ഉണ്ടാകുന്ന Reconciliation സംബന്ധമായ ബുദ്ധിമുട്ടുകൾ, ആധാർ അധിഷ്ഠിത പെൻഷൻ വിതരണം പൂർണമായി നടപ്പിലാക്കാത്തതിനാൽ അർഹതയില്ലാത്തവർക്കും ഒരേ വ്യക്തിക്ക് ഒന്നിലധികം തവണയും പെൻഷൻ വിതരണം ചെയ്യപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നത്, പെൻഷൻ വീടുകളിലെത്തി വിതരണം ചെയ്യുന്നതിനായി സഹകരണ സംഘങ്ങൾക്ക് ഇൻസെൻറീവ് ഇനത്തിൽ വരുന്ന ചെലവ്, വീടുകളിലെത്തി പെൻഷൻ വിതരണം ചെയ്യുന്ന രീതി തുടരുന്നതിലൂടെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫ‍ർ സംബന്ധിച്ച കേന്ദ്ര മന്ത്രാലയത്തിൻ്റെ നിർദേശങ്ങൾ പാലിക്കപ്പെടാത്തതിനാൽ കേന്ദ്ര സർക്കാർ നൽകുന്ന സാമ്പത്തിക സഹായങ്ങൾ, സംസ്ഥാന സർക്കാരിന് നഷ്ടപ്പെടുന്ന സാഹചര്യം എന്നിവ പരിഗണിച്ചാണ് തീരുമാനം എന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

കിടപ്പ് രോഗികൾക്കും ഒഴിവാക്കാൻ സാധിക്കാത്ത ഗുണഭോക്താക്കൾക്കും ഒഴിച്ച് ബാക്കിയെല്ലാ ഗുണഭോക്താക്കൾക്കും ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫ‍ർ സിസ്റ്റം വഴിയുള്ള പെൻഷൻ വിതരണം നിർബന്ധമാക്കണമെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് നൽകിയ കത്ത് പരി​ഗണിച്ചാണ് തീരുമാനമെന്നും ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് പൂർണ്ണമായും കിടപ്പുരോഗികളായ ഗുണഭോക്താക്കൾ ഒഴികെയുള്ള എല്ലാ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കും പെൻഷൻ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫ‍ർ ആയി അവരവരുടെ ആധാർ ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടുകൾ മുഖേന അനുവദിക്കുന്നത് തത്ത്വത്തിൽ അംഗീകരിച്ച് ഉത്തരവ് എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights