‘മെറ്റ കാര്‍ഡ് റിമൂവ് ചെയ്തതിനെതിരെ മാധ്യമങ്ങള്‍, പരാതിപ്പെടണം, സര്‍ക്കാര്‍ ഒപ്പം നില്‍ക്കും, മെറ്റയില്‍ എനിക്കത്ര സ്വാധീനമുണ്ടെന്ന് കരുതുന്നുണ്ടോ?’മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം ഉള്‍ക്കൊള്ളുന്ന സോഷ്യല്‍ മീഡിയ വാര്‍ത്താ കാര്‍ഡുകള്‍ മെറ്റ നീക്കം ചെയ്യുന്നുവെന്ന ആരോപണത്തില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍. തന്റെ നിര്‍ദേശപ്രകാരമല്ല വാര്‍ത്തകള്‍ നീക്കുന്നതെന്നും അത്തരത്തിലൊരു സ്വാധീനം തനിക്ക് മെറ്റയില്‍ ഉണ്ടെന്ന് കരുതുന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. മെറ്റയുടെ ഈ നിലപാടിനെതിരെ അതാത് മാധ്യമസ്ഥാപനങ്ങള്‍ പരാതിപ്പെടണമെന്നും സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മെറ്റയുടെ പോളിസിയിലെ മാറ്റമാണോ ഇതിന് പിന്നിലെന്ന് അറിയില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. തനിക്ക് അനുകൂലമായ ചില വാര്‍ത്തകള്‍ കെസിബിസി തനിക്ക് നല്‍കിയ പരോക്ഷ പിന്തുണ, മത്സ്യത്തൊഴിലാളി വിഷയത്തില്‍ തനിക്ക് പിന്തുണ നല്‍കിയ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പിന്റെ പ്രസംഗം, ഷിബു ബേബി ജോര്‍ജിനൊപ്പം താന്‍ ഗൗതം കൃഷ്ണന്റെ വീട് സന്ദര്‍ശിച്ച വാര്‍ത്ത എന്നിവ ഉള്‍പ്പെടെ മെറ്റ നീക്കം ചെയ്തിട്ടുണ്ട്. ഇത് കേരളത്തില്‍ മാത്രം നടക്കുന്നതല്ല. തെലങ്കാന, അസ്സം, ഹിമാചല്‍ മുഖ്യമന്ത്രിമാരുടെ പോസ്റ്റുകളും റിമൂവ് ചെയ്യപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് തന്റെ അഭിമുഖം പൊലീസിനെ ഉപയോഗിച്ച് റിമൂവ് ചെയ്യിച്ചവരാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.തന്നെ വിമര്‍ശിക്കുന്ന വിധത്തിലുള്ള കാര്‍ഡുകള്‍ പുനസ്ഥാപിക്കണമെന്ന് താന്‍ തന്നെ മെറ്റയോട് ആവശ്യപ്പെടാമെന്നും അതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അഗ്രീവ്ഡ് പാര്‍ട്ടി ആദ്യം പരാതിപ്പെടണം. സര്‍ക്കാര്‍ കൂടെ നില്‍ക്കും. എന്നെ വിമര്‍ശിക്കുന്ന പത്ത് കാര്‍ഡ് നീക്കം ചെയ്യിപ്പിച്ചാല്‍ മാധ്യമങ്ങളുടേയും സോഷ്യല്‍ മീഡിയയുടേയും വായ മൂടിക്കെട്ടാം എന്ന് വിചാരിക്കുന്ന മൂഡനല്ല ഞാനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights