വായ്പാ തട്ടിപ്പ്: ശ്രീറാം ഫിനാന്‍സിനെതിരെ വ്യാപക പരാതികള്‍

തിരുവനന്തപുരം: വായ്പാ തട്ടിപ്പില്‍ ശ്രീറാം ഫിനാന്‍സിനെതിരെ വ്യാപക പരാതികള്‍. ഇടപാടുകാര്‍ അറിയാതെ ലക്ഷക്കണക്കിന് രൂപയുടെ അധിക വായ്പ അനുവദിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. സ്ഥാപനത്തില്‍ നിന്നും നേരത്തെ വായ്പ എടുത്തവരാണ് തട്ടിപ്പിന് ഇരയായത്. എന്നാല്‍ സാങ്കേതിക തകരാര്‍ സംഭവിച്ചെന്നും ഉടന്‍ പരിഹരിക്കുമെന്നുമാണ് ശ്രീറാം ഫിനാന്‍സിന്റെ വിശദീകരണം.

നേരത്തെ വായ്പ എടുത്തവരുടെ പേരില്‍ അവര്‍ അറിയാതെ വായ്പ നല്‍കുന്നുവെന്നാണ് ശ്രീറാം ഫിനാന്‍സിനെതിരായ ആക്ഷേപം. പുതിയ ലോണിനായി അപേക്ഷിക്കുന്ന സമയത്ത് സിബില്‍ സ്‌കോര്‍ കുറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് പലരും തങ്ങളുടെ പേരില്‍ ശ്രീ റാം ഫിനാന്‍സില്‍ വായ്പ എടുത്തിട്ടുണ്ടെന്ന കാര്യം തിരിച്ചറിയുന്നത്.ആറ് ലക്ഷം മുതല്‍ 30 ലക്ഷം വരെയുള്ള വായ്പകളാണ് പലരുടെയും അക്കൗണ്ട് വഴി നല്‍കുന്നത്. കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളില്‍ നിന്നുമാണ് കൂടുതല്‍ പരാതികള്‍ ഉയരുന്നത്. നിലവില്‍ സാങ്കേതിക തകരാര്‍ എന്ന് വിശദീകരിക്കുന്നതല്ലാതെ മറ്റ് മറുപടികള്‍ നല്‍കാന്‍ ശ്രീ റാം ഫിനാന്‍സ് തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights