പിടിക്കപ്പെട്ടാല്‍ തെറ്റിദ്ധരിപ്പിക്കാന്‍ ‘പ്ലാന്‍ ബി’; വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ കുരുക്കായി; വലിയ ശിക്ഷയൊന്നും കിട്ടില്ലെന്ന് 13 കാരി

ആലപ്പുഴ: കരുവാറ്റയിലെ വയോധികന്‍ ശിവന്‍കുട്ടിയുടെ കൊലപാതകത്തില്‍ പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതികള്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി പൊലീസ്. പെണ്‍കുട്ടിക്ക് മരുന്നു നല്‍കാന്‍ ഹരിപ്പാട് എത്തിയതാണെന്ന് പറയാനാണ് തീരുമാനിച്ചത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം സ്വന്തം അച്ഛനു മേല്‍ കെട്ടിവെയ്ക്കാനും പെണ്‍കുട്ടി ശ്രമിച്ചുവെന്ന് പൊലീസ് സൂചിപ്പിക്കുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ഫോണിലെ ചാറ്റുകള്‍ പൊലീസ് കണ്ടെടുത്തതോടെയാണ് ഈ പദ്ധതി പൊളിഞ്ഞത്.വാട്‌സ് ആപ്പില്‍ കൊലപാതകം നടത്തിയ കൗമാര സംഘം പങ്കുവെച്ച ഓഡിയോ സന്ദേശങ്ങളാണ് പ്രതികളിലേക്കുള്ള വഴി പൊലീസിന് മുന്നില്‍ തുറന്നത്. വലിയ കുറ്റവാളികള്‍ കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പ് നടത്തുന്ന തയ്യാറെടുപ്പുകള്‍ക്ക് സമാനമായ തയ്യാറെടുപ്പുകള്‍ ഇവര്‍ നടത്തിയിരുന്നു എന്നാണ് ചോദ്യം ചെയ്യലിന് ശേഷം പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ അച്ഛനും കൊല്ലപ്പെട്ട വയോധികനും തമ്മില്‍ വഴക്ക് ഉണ്ടായിരുന്നു. അതാകാം കൊലപാതകത്തിന് കാരണമെന്നാണ് പെണ്‍കുട്ടി ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.

പ്രായപൂര്‍ത്തിയാകാത്തവര്‍ ആയതിനാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ പിടിക്കപ്പെട്ടാലും വലിയ ശിക്ഷയൊന്നും ലഭിക്കില്ലെന്നും പെണ്‍കുട്ടി, കുറ്റകൃത്യം നടത്തിയ ആണ്‍കുട്ടികളോട് പറഞ്ഞിരുന്നു. അക്രമി സംഘം വീടിന് അകത്തു കടന്ന് വയോധികന്റെ തല ഡൈനിങ് ടേബിളില്‍ ഇടിപ്പിച്ചു. ഇതോടെ ശിവന്‍കുട്ടി ബോധരഹിതനായി. എന്നാല്‍ വയോധികന്റെ മരണം ഉറപ്പാക്കണമെന്ന് പെണ്‍കുട്ടി ആണ്‍കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴുത്തില്‍ തുണി വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നതെന്നും ചോദ്യം ചെയ്യലിന് ശേഷം പൊലീസ് സൂചിപ്പിച്ചു.സ്വന്തം വീട്ടിലെ മോഷണം ആസൂത്രണം ചെയ്തതും മുത്തച്ഛനെ കൊലപ്പെടുത്തണമെന്ന് സുഹൃത്തിന് കര്‍ശനനിര്‍ദേശം നല്‍കിയതും താനാണെന്ന് പെണ്‍കുട്ടി സമ്മതിച്ചു. കേസില്‍ ഒരു മാസത്തിനകം കുറ്റപത്രം നല്‍കാനാണ് പൊലീസിന്റെ തീരുമാനം. കേസിലെ പ്രതികളായ ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് അപേക്ഷ നല്‍കും. ഇവരെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് പൂര്‍ത്തീകരിച്ച് തുടര്‍നടപടികള്‍ വേഗത്തിലാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights