കാണ്‍പൂരില്‍ കാലാവധി കഴിഞ്ഞ് ഉപേക്ഷിച്ച ചോക്ലേറ്റ് ശേഖരിച്ച് ജനക്കൂട്ടം; വീഡിയോ വൈറല്‍, അന്വേഷണം

കാണ്‍പൂര്‍: കാണ്‍പൂരില്‍ കാലാവധി കഴിഞ്ഞ ചോക്ലേറ്റുകളും ടോഫികളും ഉപേക്ഷിച്ചത് ശേഖരിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വില്‍പ്പനയ്ക്ക് യോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാങ്കി ഹൈവേയ്ക്ക് സമീപം, വളം നിര്‍മാണശാലയ്ക്കടുത്തുള്ള മാലിന്യ നിക്ഷേപ കേന്ദ്രത്തിലാണ് ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിച്ചത്. എന്നാല്‍ വിവരം പ്രചരിച്ചതോടെ നിരവധി ആളുകള്‍ സ്ഥലത്തെത്തി ചോക്ലേറ്റുകളും ടോഫികളും ശേഖരിച്ചതായാണ് വിവരം.

ഏകദേശം നാല് ദിവസം മുമ്പ് ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോയില്‍, ആളുകള്‍ ഉപേക്ഷിച്ച ചോക്ലേറ്റുകള്‍ എടുത്ത് ബാഗുകളിലും പെട്ടികളിലും നിറയ്ക്കുന്നത് കാണാം. ശേഖരിച്ച ഉല്‍പ്പന്നങ്ങളുമായി പലരും സൈക്കിളുകളിലും മോട്ടോര്‍സൈക്കിളുകളിലും കാല്‍നടയായും മടങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.

 

വീഡിയോ പകര്‍ത്തിയ വ്യക്തി പറയുന്നതനുസരിച്ച്, പാങ്കി വ്യവസായ മേഖലയിലൂടെ കടന്നുപോകുന്നതിനിടെയാണ് ചോക്ലേറ്റുകളുമായി ഒരു ട്രക്ക് സമീപത്തെ മാലിന്യ നിക്ഷേപ കേന്ദ്രത്തിലെത്തിയത് ശ്രദ്ധയില്‍പ്പെട്ടത്. നിരവധി കാര്‍ട്ടണ്‍ ചോക്ലേറ്റുകള്‍ അവിടെ ഇറക്കി ഉപേക്ഷിച്ചതിന് പിന്നാലെ സമീപത്തുണ്ടായിരുന്ന ആളുകള്‍ സ്ഥലത്തേക്ക് ഓടിയെത്തി അവ ശേഖരിക്കാന്‍ തുടങ്ങി. ചോക്ലേറ്റുകള്‍ ശേഖരിച്ചവരില്‍ പലരും പാക്കറ്റിലെ കാലാവധി വിവരങ്ങള്‍ പരിശോധിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉല്‍പ്പന്നങ്ങളുടെ കാലാവധി 2024ല്‍ തന്നെ കഴിഞ്ഞിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞതായും വീഡിയോ പകര്‍ത്തിയ വ്യക്തി അവകാശപ്പെട്ടു. സംഭവത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. വിഷയത്തില്‍ അധികൃതര്‍ വിശദമായ പ്രസ്താവനയും പുറത്തുവിട്ടിട്ടില്ല.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം, വൈറലായ വീഡിയോ സംബന്ധിച്ച് അധികൃതര്‍ക്ക് വിവരം ലഭിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വെസ്റ്റ് എസ് എം ഖാസിം അബിദി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പാങ്കി പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights