ഗുരുഗ്രാമില്‍ ബൈക്ക് യാത്രികയെ കാര്‍ ഇടിച്ചിട്ട സംഭവം; പ്രതിയുടേത് സഹതാപം ലഭിക്കാനുള്ള ശ്രമമെന്ന് യുവതി

ഗുരുഗ്രാം: ഗുരുഗ്രാമില്‍ ബൈക്ക് യാത്രികയെ കാറുകൊണ്ട് ഇടിച്ചിട്ട സംഭവത്തില്‍ പ്രതിക്കെതിരെ യുവതി. മനപൂര്‍വം കാര്‍ ഇടിപ്പിച്ചതല്ലെന്ന പ്രതി കല്യാണ്‍ ബെയ്ന്‍സ്ലയുടെ വാദം നുണയാണെന്ന് ലേഡി ബൈക്കര്‍ സിയ ആരോപിച്ചു. സഹതാപം ലഭിക്കാനുള്ള ശ്രമമാണ് പ്രതി നടത്തുന്നതെന്നും യുവതി പറഞ്ഞു. പുറത്തുവന്ന വീഡിയോയില്‍ കാര്യങ്ങള്‍ വ്യക്തമാണെന്നും സ്ത്രീയാണ് ബൈക്ക് ഓടിക്കുന്നതെന്ന് പ്രതിക്ക് അറിയാമായിരുന്നെന്നും സിയ പറഞ്ഞു. മനപൂര്‍വം വേഗത്തില്‍ വാഹനം ഓടിക്കാന്‍ നിര്‍ബന്ധിതയാക്കിയെന്നും യുവതി പറയുന്നു. പ്രതിയുടെ അവകാശവാദങ്ങള്‍ സത്യമാണെങ്കില്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കാതെ എന്തുകൊണ്ട് തന്നെ സഹായിക്കാന്‍ തയ്യാറായില്ലെന്നും യുവതി ചോദിക്കുന്നുണ്ട്. സഹതാപം നേടാനുള്ള ശ്രമം അയാള്‍ക്ക് ചേരുന്നതല്ലെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ സിയ പറഞ്ഞു. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നാണ് സിയയുടെ കുടുംബം ആവശ്യപ്പെടുന്നത്.യുവതി ഉള്‍പ്പെടെ ഇരുപതോളം ബൈക്കര്‍മാര്‍ ഉണ്ടായിരുന്നെന്നും, എന്നാല്‍ അതിലൊരാള്‍ ഒരു സ്ത്രീയാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും പ്രതി പറയുന്നു. ബൈക്കര്‍മാര്‍ നിരന്തരം വേഗത കൂട്ടുകയും കുറയ്ക്കുകയും ചെയ്തിരുന്നുവെന്നും പ്രതി ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇക്കാരണം കൊണ്ട് പ്രതിക്ക് തന്നെ പിന്തുടരാന്‍ എന്താണ് അവകാശമെന്ന് യുവതി ചോദിക്കുന്നു. ബൈക്കര്‍മാരില്‍ ഒരു സ്ത്രീ ഉണ്ടെന്ന് അറിയില്ലെന്ന് പ്രതി പറയുന്നത് കള്ളമാണെന്നും തന്റെ പിന്നിയിട്ട നീളന്‍ മുടി പുറത്തു കാണുന്നത് അയാള്‍ ശ്രദ്ധിച്ചിരുന്നെന്നും യുവതി പറയുന്നു. ഇതെല്ലാം മനസിലാക്കി തന്നെയാണ് അയാള്‍ പിന്തുടര്‍ന്ന് അപകടം ഉണ്ടാക്കിയതെന്നും യുവതി ആരോപിക്കുന്നുണ്ട്. വീഡിയോയില്‍ കാര്‍ ഓടിച്ചിരുന്നയാള്‍ ബൈക്കിനെ പിന്തുടരുന്നതും അപകടത്തിന് മുമ്പ് സഞ്ചരിച്ചിരുന്ന റോഡിലെ മൂന്നാമത്തെ ലൈനിലേക്ക് മാറുന്നത് കാണാമെന്നും യുവതി വിശദീകരിക്കുന്നു. അപകടത്തിന് മുമ്പ് ബൈക്ക് നിര്‍ത്താന്‍ പ്രതി ആവശ്യപ്പെട്ടെന്നും യുവതി പറയുന്നു. താന്‍ വീണപ്പോള്‍ തിരിഞ്ഞ് നോക്കാത്തവരാണ് ഇപ്പോള്‍ തനിക്ക് പറ്റിയ അപകടത്തില്‍ വിഷമമുണ്ടെന്ന് വിശദീകരിക്കുന്നതെന്നും യുവതി കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് ഡല്‍ഹി ഗുരുഗ്രാമില്‍ നടുറോഡില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ കാര്‍ കൊണ്ട് ഇടിച്ചുവീഴ്ത്തിയത്. ബൈക്കില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. ശക്തമായ ഇടിയില്‍ യുവതി റോഡിലേക്ക് തെറിച്ചുവീണു. അകലം പാലിച്ച് വാഹനം ഓടിക്കണമെന്ന് യുവതി മുന്നറിയിപ്പ് നല്‍കിയിട്ടും കാര്‍ ഡ്രൈവര്‍ പിന്തുടര്‍ന്ന് ഇടിക്കുകയായിരുന്നുവെന്നാണ് പരാതി. ബൈക്ക് കാറിനൊപ്പം വലിച്ചിഴച്ചതായും യുവതി ആരോപിച്ചു. റൈഡിങില്‍ സ്പെഷ്യലിസ്റ്റായ യുവതി ആര്‍എസ് 457 ബൈക്കാണ് ഓടിച്ചിരുന്നത്. ഡ്രൈവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവതി പരാതി നല്‍കിയിട്ടുണ്ട്. സിസിടിവി ക്യാമറയില്‍ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്. യുവതിക്കൊപ്പം സഞ്ചരിച്ചിരുന്ന മറ്റ് റൈഡര്‍മാര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ വാഹനം ഇടിച്ചിരുന്നയാള്‍ യുവതിയെ പിന്തുടര്‍ന്ന് പ്രകോപിപ്പിക്കുന്നതും ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ പോകുന്നതും വ്യക്തമായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് റൈഡര്‍മാര്‍ കാറിന് പിന്നാലെ പോയെങ്കിലും അയാള്‍ വാഹനവുമായി കടന്നു കളയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights