വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി പരിഹരിക്കാന്‍ ഗ്രിഡ്‌കോ ഒഡീഷ വഴി 75 മെഗാവാട്ട് ലഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയില്‍ 800 മെഗാവാട്ടിന്റെ കുറവെന്ന് കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഗ്രിഡ്‌കോ ഒഡീഷ വഴി 75 മെഗാവാട്ടും എസിബിഐഎല്‍ നിന്നും 15 മെഗാവാട്ട് വൈദ്യുതി ലഭിച്ചെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇതോടെ മുന്‍പ് ഷെഡ്യൂള്‍ ചെയ്തതിലും നേരത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിക്കാന്‍ സാധിക്കുമെന്ന് കെഎസ്ഇബി പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനത്ത് വൈദ്യുത ഉപഭോഗം ഉയര്‍ന്ന നിലയില്‍ത്തന്നെ തുടരുന്ന സാഹചര്യത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്നും വൈകീട്ട് 6.15നും അർദ്ധരാത്രി 12.45 നുമിടയില്‍ ഭാഗികമായി നിയന്ത്രണത്തിന് സാധ്യതയുണ്ടാകുമെന്നും കെഎസ്ഇബി അറിയിച്ചു.

ഇതിനിടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ ഇടപെട്ട് കെ സി വേണുഗോപാലും രംഗത്തെത്തി. വിഷയത്തില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായി അദ്ദേഹം ചര്‍ച്ച നടത്തി. തുടര്‍ന്ന് കേരളത്തിന് 250 മെഗാ വാട്ട് വൈദ്യുതി ഹിമാചല്‍ പ്രദേശ് നല്‍കുമെന്നതിൽ ധാരണയായി. തമിഴ്‌നാടിന് നല്‍കേണ്ട വിഹിതത്തില്‍ കുറവ് വരുത്തിയാണ് കേരളത്തിന് വൈദ്യുതി നല്‍കുന്നത്. ഹിമാചല്‍ ചീഫ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിയുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും ഊര്‍ജ സെക്രട്ടറിമാര്‍ തമ്മിലും ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും കെ സി വേണുഗോപാല്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഉയര്‍ന്ന വിലയ്ക്ക് എന്‍ടിപിസി വഴി വൈദ്യുതി വാങ്ങാനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു. യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള തീരുമാനമാണ് കെഎസ്ഇബി ഉപേക്ഷിച്ചത്. സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് തീരുമാനം. മഴ കുറഞ്ഞതും ഉയര്‍ന്ന താപനിലയും മൂലം വൈദ്യുതി ഉപഭോഗത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 1000 മെഗാവാട്ടില്‍ അധികം ആവശ്യകതയാണ് ഈ സെപ്റ്റംബറില്‍ രേഖപ്പെടുത്തിയത്. ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇന്നലെ പവര്‍കട്ട് ഉണ്ടാകില്ലെന്ന് ആദ്യം അറിയിച്ചിരുന്നുവെങ്കിലും, വായ്പ വഴിയുള്ള 200 മെഗാവാട്ട് ലഭിക്കാതിരുന്നതോടെയാണ് വൈദ്യുതി മുടങ്ങുമെന്ന അറിയിപ്പ് ജനങ്ങള്‍ക്ക് നല്‍കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights