Advertisements
സ്വന്തം ഫോട്ടോ പതിച്ച പട്ടയരേഖയുമായി പ്രായം അറുപത് കഴിഞ്ഞ ചണ്ണയ്ക്കും ഇത് അഭിമാന നിമിഷം. ഇത്രകാലം ഭൂമി ഇല്ലായിരുന്നു. ഇപ്പോ കിട്ടി. ഈ സന്തോഷ നിമിഷങ്ങള്ക്കും സാക്ഷ്യമായിരുന്നു രണ്ടാംഘട്ട പട്ടയമേള. നെന്മേനി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്ഡിലെ കരിങ്കാളിക്കുന്ന് പണിയ കോളനിയില് നിന്നും ചണ്ണയോടൊപ്പം 16 കുടുംബങ്ങളാണ് പട്ടയമേളയില് രേഖ വാങ്ങാനെത്തിയത്. വാര്ഡ് മെമ്പര് കെ.വി. കൃഷ്ണന്കുട്ടിയാണ് ഇവരെ പട്ടയമേളയിലേക്ക് അനുഗമിച്ചത്. റവന്യു ഭൂമി വര്ഷങ്ങള്ക്ക് മുമ്പ് പതിച്ചു കിട്ടിയെങ്കിലും രേഖകള് ഒന്നുമില്ലായിരുന്നു. അഞ്ചും പത്തും സെന്റുമായി പതിനാറ് കുടുംബങ്ങള്ക്ക് ഭൂമി കൈവശമുണ്ടായിരുന്നെങ്കിലും രേഖയില്ലാത്തതിനാല് സ്വന്തമായി തോന്നിയതേയില്ല. ഭൂരിഭാഗവും സ്ത്രീകളാണ് ഇവിടെ ഭുവുടമകളായതെന്നും ശ്രദ്ധേയമാണ്. കാലങ്ങളായുള്ള കാത്തിരിപ്പില് ഇവരുടെ ഭൂപ്രശ്നങ്ങളും എളുപ്പം പരിഹരിക്കാനായി. റവന്യു വകുപ്പ് മന്ത്രി കെ. രാജനില് നിന്നും കോളനിക്കാര് പട്ടയം ഏറ്റുവാങ്ങിയതോടെ ഈ ആദിവാസി കുടുംബങ്ങള്ക്കും ഇനി സ്വന്തം മണ്ണില് തലചായ്ക്കാം.
Advertisements