തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാരിന്‍റെ എതിര്‍പ്പ് അവഗണിച്ച് കേരളത്തില്‍ പാല്‍വിതരണം സജീവമാക്കുമെന്ന നന്ദിനിയുടെ പ്രഖ്യാപനത്തിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ മില്‍മ. കര്‍ണാടകയിലും തമിഴ്നാട്ടിലും ഔട്ട്ലെറ്റുകള് തുറക്കാനാണ് മില്‍മയുടെ തീരുമാനം. എന്നാല്‍ നന്ദിനിക്കുള്ള മറുപടിയായി ഇതിനെ കാണേണ്ടതില്ലെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. ഔട്ട്ലെറ്റുകളിലൂടെ പാല്‍ വില്‍ക്കില്ല. പകരം പാല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനാണ് തീരുമാനമെന്നും കെ.എസ്. മണി പറഞ്ഞു.
ഇന്ത്യയിലെ വലിയ രണ്ടാമത്തെ പാൽ അധിഷ്ഠിത ഉൽപന്ന ബ്രാൻഡായ ‘നന്ദിനി’ കേരളത്തിലെ സാന്നിധ്യം വർധിപ്പിക്കാൻ തീരുമാനിച്ചതാണ് വിവാദമാകുന്നത്. കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ (കെഎംഎഫ്) ഈ ബ്രാൻഡ് കേരളത്തിൽ 6 ഔട്ട്ലെറ്റുകൾ തുടങ്ങി. 3 ഔട്ട്ലെറ്റുകൾ കൂടി ഉടൻ ആരംഭിക്കും. എറണാകുളം ജില്ലയിലെ കാക്കനാട്, എളമക്കര, പത്തനംതിട്ട ജില്ലയിലെ പന്തളം, മലപ്പുറം ജില്ലയിലെ മഞ്ചേരി, തിരൂർ, ഇടുക്കി ജില്ലയിലെ തൊടുപുഴ എന്നിവിടങ്ങളിലാണ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നത്.
കോഴിക്കോട്, തലശ്ശേരി, ഗുരുവായൂർ എന്നിവിടങ്ങളിലാണ് ഇനി തുടങ്ങുക. കുറഞ്ഞ വിലയിലാണു നന്ദിനി പാൽ ലഭ്യമാക്കിയിരുന്നതെങ്കിലും സംസ്ഥാന സർക്കാർ പ്രതിഷേധം അറിയിച്ചതോടെ വില കൂട്ടി. കർണാടകയിൽ 500 മില്ലിലീറ്റർ നന്ദിനി പാലിന് 21 രൂപയാണു വില. കേരളത്തിൽ 29 രൂപയും. പാൽ അധിഷ്ഠിത ഉൽപന്നങ്ങൾക്ക് വില കുറവാണെന്നു നന്ദിനി അധികൃതർ പറഞ്ഞു. പാൽ, ഐസ്ക്രീം, പനീർ, ചീസ്, ചോക്കലേറ്റ്, കുക്കീസ് തുടങ്ങി 600 ലേറെ ഉൽപന്നങ്ങളാണു നന്ദിനി ലഭ്യമാക്കുന്നത്.
കേരളത്തിലെ പാൽ വിപണി വാഴുന്ന ‘മിൽമ’യുടെ ഉടമകളായ കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ കടുത്ത പ്രതിഷേധത്തിനിടയിലാണ് കർണാടകയിൽ നിന്നുള്ള ‘നന്ദിനി’ വിതരണ ശൃംഖല ശക്തിപ്പെടുത്താൻ ഒരുങ്ങുന്നത്. ക്ഷീരോൽപാദക സഹകരണ സംഘങ്ങളുടെ കൂട്ടായ്മയാണു മിൽമയും നന്ദിനിയും എന്നതും കൗതുകം. കേരളത്തിൽ പാൽ ഉൽപാദനം കുറയുന്ന സമയങ്ങളിൽ പാൽക്ഷാമം ഉണ്ടാകാതിരിക്കാൻ മിൽമ നന്ദിനിയിൽ നിന്നു രണ്ടു ലക്ഷം ലീറ്റർ വരെ പാൽ വാങ്ങാറുണ്ട്. നന്ദിനി നേരിട്ടു കേരളത്തിൽ വിൽപന തുടങ്ങുന്നത് അവരുടെ തന്നെ പ്രധാന ഗുണഭോക്താവായ മിൽമയുടെ വിൽപനയെ അട്ടിമറിക്കുമെന്നാണ് ആക്ഷേപം.
ഒരു സംസ്ഥാനത്തിന്റെ സഹകരണ സ്ഥാപനം മറ്റൊരു സംസ്ഥാനത്തിന്റെ സഹകരണ സ്ഥാപനത്തിന്റെ വിപണിയിൽ നേരിട്ട് ഇടപെടുന്നതു സഹകരണ തത്വങ്ങൾക്കും അടിസ്ഥാന മൂല്യങ്ങൾക്കും എതിരാണെന്ന നിലപാടിലാണു മിൽമ. നാഷനൽ കോ ഓപ്പറേറ്റീവ് ഡയറി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അടുത്ത ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ ഈ വിഷയം ഉന്നയിക്കാനാണു മിൽമയുടെ നീക്കം. ഗുജറാത്തില്‍ നിന്നുള്ള അമൂല്‍ ബെംഗളുരുവില്‍ വില്‍പന കേന്ദ്രം തുടങ്ങുന്നത് കര്‍ഷകരെയും രാഷ്ട്രീയക്കാരെയും അണിനിരത്തി നേരിട്ട കെഎംഎഫാണ് ഇപ്പോള്‍ മില്‍മയുടെ വിപണിയില്‍ ഇടിച്ചു കയറുന്നത്.