ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ വിവാദ സംരംഭമായ ന്യൂറാലിങ്ക്, മനുഷ്യന്റെ തലച്ചോറിൽ ചിപ്പ് ഇംപ്ലാന്റ് ചെയ്യാനുള്ള തയാറെടുപ്പുകൾ പൂർത്തിയായതായി കമ്പനി ബ്ലോഗിൽ വ്യക്തമാക്കി. റിവ്യു ബോർഡിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് പക്ഷാഘാതം ബാധിച്ച രോഗികളിലായിരിക്കും ആദ്യഘട്ടത്തിൽ ന്യൂറാലിങ്ക് ഇംപ്ലാന്റ് ചെയ്യുക. ആറു വർഷമാണ് പരീക്ഷണ കാലഘട്ടം. ഇതിനായുള്ള റജിസ്ട്രേഷൻ ഫോം കമ്പനി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
പരീക്ഷണത്തിന് തയാറാവുന്ന രോഗികളുടെ തലച്ചോറിൽ ചിപ്പ് ഘടിപ്പിക്കും. ശരീര ചലനം നിയന്ത്രിക്കുന്ന ഭാഗത്തായിരിക്കും ചിപ്പ് ഘടിപ്പിക്കുക. റോബോട്ടിന്റെ സഹായത്തോടെ ഇൻസ്റ്റാൾ ചെയ്യുന്ന ചിപ്പിൽനിന്നും പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷനിലേക്ക് സിഗ്നല് ലഭിക്കും. ചിന്തകളിലൂടെ കംപ്യൂട്ടർ കഴ്സറോ കീബോർഡോ ചലിപ്പിക്കാനുള്ള ശേഷി ആളുകൾക്ക് നൽകാനാണ് ആദ്യ ഘട്ടത്തിൽ ശ്രമിക്കുന്നതെന്നും കമ്പനി പറയുന്നു.
നിർമിതബുദ്ധിയുടെ സഹായത്തോടെയുള്ള ഇത്തരം കാര്യങ്ങളിൽ ഗവേഷണം നടത്തുന്ന ന്യൂറാലിങ്കിന്റെ പുതിയ നീക്കം നിർണായകമായ ചുവടുവയ്പായാണ് വിലയിരുത്തുന്നത്. പ്രത്യേകതരം കംപ്യൂട്ടർ ചിപ്പുകൾ തലച്ചോറിനുള്ളിൽ ഘടിപ്പിച്ച ഒരു കുരങ്ങൻ ചിന്തകൾ മാത്രമുപയോഗിച്ചു വിഡിയോ ഗെയിം കളിക്കുന്ന വിഡിയോ അടുത്തിടെ കമ്പനി പുറത്തുവിട്ടിരുന്നു. തലച്ചോറിൽനിന്നുള്ള സന്ദേശങ്ങൾ മാത്രമുപയോഗിച്ചു പുറംലോകത്തെ ഉപകരണങ്ങൾ നിയന്ത്രിക്കുന്നതിൽ തങ്ങൾ കൈവരിച്ച പുരോഗതിയാണ് ഇതുവഴി കമ്പനി വെളിപ്പെടുത്തിയത്.
ഗവേഷണം പൂർണതോതിൽ വിജയകരമായാൽ പക്ഷാഘാത രോഗികൾ, അൽസ്ഹൈമേഴ്സ്, ഡിമൻഷ്യ ബാധിതർ തുടങ്ങിയവരുടെയൊക്കെ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണു വരാൻ പോകുന്നതെന്നും കമ്പനി പറയുന്നു. തളർന്നു കിടക്കുന്ന രോഗികൾക്കു പരസഹായമില്ലാതെ യന്ത്രങ്ങൾ ചലിപ്പിക്കാനും വിവിധ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും സ്മാർട് ഫോണും കംപ്യൂട്ടറും ഉപയോഗിക്കാനും ആവശ്യമായ നിർദേശങ്ങൾ ചിന്തകളിലൂടെ നൽകാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.