മെറ്റക്ക് പുറകെ ആകര്‍ഷകമായ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം. ഇന്‍സ്റ്റാഗ്രാമില്‍ അവതരിപ്പിച്ച നോട്ട്സ് ഫീച്ചറിന് വലിയൊരു വിഭാഗം ഉപഭോക്താക്കളുടെ ഇടയില്‍ വലിയ സ്വീകാര്യതയുണ്ട്. ഇപ്പോള്‍ ഓഡിയോ നോട്ട്, സെല്‍ഫി വീഡിയോ നോട്ട് എന്നിങ്ങനെ പുതിയ സൗകര്യങ്ങള്‍ കൂടി അവതരിപ്പിക്കുകയാണ് ഇന്‍സ്റ്റാഗ്രാം. പേര് പോലെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് പങ്കുവെക്കുകയാണ് ഓഡിയോ നോട്ടില്‍ ചെയ്യുക. സെല്‍ഫി വീഡിയോയും അത് പോലെ തന്നെ ശബ്ദത്തിനൊപ്പം സെല്‍ഫി വീഡിയോയും ഉണ്ടാകുമെന്ന് മാത്രം.
ബര്‍ത്ത്ഡേയ്സ്, ഓഡിയോ നോട്ട്, സെല്‍ഫി വീഡിയോ നോട്ട്, മള്‍ടിപ്പിള്‍ സ്റ്റോറീസ് ലിസ്റ്റ് തുടങ്ങിയ ഫീച്ചറുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. പുതിയ ബര്‍ത്ത് ഡേ ഫീച്ചറില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ജന്മദിനത്തില്‍ ഒരു ‘ബര്‍ത്ത്ഡേ ഇഫക്ട്’ ഉപയോഗിക്കാന്‍ സാധിക്കും. ഇതുവഴി ഉപഭോക്താക്കള്‍ക്ക് അവരുടെ ജന്മദിനം മറ്റുള്ളവരെ അറിയിക്കാനാവും.
നിങ്ങളുടെ ഫോളോവര്‍മാരെ ഓരോ സ്റ്റോറി ലിസ്റ്റിലായി വേര്‍തിരിക്കാനും അതിന് വ്യത്യസ്ത പേരുകള്‍ നല്‍കാനും സാധിക്കും. അതായത് ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ ആരെല്ലാം കാണണം എന്ന് നിശ്ചയിക്കുന്നതിന് സ്റ്റോറി ലിസ്റ്റ് സഹായിക്കും. ഉദാഹരണത്തിന്, ബന്ധുക്കളായ ഫോളോവര്‍മാരെയും, സുഹൃത്തുക്കളെയും വെവ്വേറെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താം. നിലവില്‍ ക്ലോസ് ഫ്രണ്ട്സ് എന്ന ഒരു ലിസ്റ്റ് മാത്രമാണ് ലഭ്യമായിട്ടുള്ളത്. പുതിയ മള്‍ടിപ്പിള്‍ സ്റ്റോറീ ലിസ്റ്റ് എത്തുന്നതോടെ സ്റ്റോറി പങ്കുവെക്കുമ്പോള്‍ തിരഞ്ഞെടുക്കുന്ന ലിസ്റ്റില്‍ ഉള്ളവര്‍മാത്രമേ അത് കാണുകയുള്ളൂ.