രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വാര്‍ഷിക വളര്‍ച്ച 45.5 ശതമാനം; കേരളത്തില്‍ 52.9 ശതമാനം

Advertisements
Advertisements

ഇലക്ട്രിക്ക് വാഹന മേഖലയില്‍ രാജ്യത്ത് ശരാശരി 45.5 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി ഇ.വി. റെഡി ഇന്ത്യ ഡാഷ്ബോര്‍ഡിന്റെ പഠനം. 2022 മുതല്‍ 2030 വരെ ഈ വളര്‍ച്ച നിലനിര്‍ത്താനാകുമെന്നാണ് കണക്കാക്കുന്നത്. ഇതനുസരിച്ച് 2030-ഓടെ രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 1.6 കോടിയിലെത്തുമെന്ന് കണക്കാക്കുന്നു. തമിഴ്നാടാണ് രാജ്യത്തെ ഇലക്ട്രിക്ക് ഇരുചക്ര വാഹനനിര്‍മാണകേന്ദ്രമായി മാറിയിരിക്കുന്നത്. തെലങ്കാന മുച്ചക്ര വാഹനങ്ങളിലും മഹാരാഷ്ട്ര കാറുകളിലും ഗുജറാത്ത് ബാറ്ററി ഉത്പാദനത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നു. കര്‍ണാടകമാണ് ഗവേഷണ വികസന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം.

Advertisements

കേരളത്തില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ വാര്‍ഷിക വില്‍പ്പനവളര്‍ച്ച 52.9 ശതമാനമാണ്. പോളിസി റിസര്‍ച്ച് സംഘടനയായ ഒ.എം.ഐ ഫൗണ്ടേഷനാണ് ഇലക്ട്രിക്ക് വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സൗജന്യമായി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഡാഷ്ബോര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. വൈദ്യുത വാഹനങ്ങളെത്തിയതിലൂടെ 2023-ല്‍ ഇതുവരെ 5.18 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഒഴിവായതായും പോര്‍ട്ടലില്‍ പറയുന്നു.

അതേസമയം, സെപ്റ്റംബറില്‍ തൊട്ടു മുന്‍മാസത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 5.5 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഇതുവരെ 704 ചാര്‍ജിങ് കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. എറണാകുളം, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് നൂറിലധികം ചാര്‍ജിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമായുള്ളത്. സംസ്ഥാനത്ത് ഇതുവരെ 29.5 ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍ നിരത്തിലെത്തി. സെപ്റ്റംബറില്‍ 5690 വാഹനങ്ങളാണ് വിറ്റുപോയതെന്നും ഇതില്‍ പറയുന്നു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights