ഇടയ്ക്കിടെ കിടിലോൽക്കിടിലം അപ്‌ഡേറ്റുകൾ നൽകി ഉപഭോക്താക്കളെ ഞെട്ടിക്കുന്ന പതിവ് ഈ ആഴ്ചയും തെറ്റിക്കാതെ വാട്‌സ്ആപ്പ്. ചാറ്റുകളിലാണ് ഈ തവണ അപ്‌ഡേറ്റ് നൽകാൻ വാട്‌സ്ആപ്പ് ശ്രമിക്കുന്നത്. ചാറ്റുകൾക്ക് പ്രത്യേക തീമുകൾ നൽകുന്ന ഫീച്ചറാണ് കമ്പനിയുടെ പണിപ്പുരയിലുള്ളത്.
ചാറ്റ് സ്‌പെസിഫിക് തീമുകൾ തയ്യാറാക്കുകയാണ് വാട്‌സ്ആപ്പ്. വ്യത്യസ്ത നിറങ്ങളിലും 22 ടെക്‌സ്ചറുകളിലുമുള്ള തീമുകളാണ് മെറ്റ വാട്‌സ്ആപ്പിനായി ഒരുക്കുന്നത്. നമുക്ക് ഇഷ്ടപ്പെട്ട ചാറ്റുകൾക്ക് ഇത്തരത്തിൽ പ്രത്യേക തീം കസ്റ്റമൈസ് ചെയ്ത് സെറ്റ് ചെയ്യാനാകും. ബീറ്റ വേർഷനിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഈ ഫീച്ചർ ഉടൻ തന്നെ മറ്റുള്ളവർക്കും ലഭിക്കും. ഇത് ലഭിക്കാൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് Android 2.24.21.34 വേർഷൻ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ബീറ്റ ടെസ്റ്റർമാർക്ക് മാത്രം ഇതിപ്പോൾ ലഭ്യമായിട്ടുള്ളൂ. ഇവരുടെ പ്രതികരണത്തിൻറെ അടിസ്ഥാനത്തിലാവും ചാറ്റ് തീം ഫീച്ചർ വാട്സ്ആപ്പ് മറ്റുള്ളവർക്കും അവതരിപ്പിക്കുക.
നേരത്തെ സ്റ്റാറ്റസുമായി ബന്ധപ്പെട്ട വമ്പൻ ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഉപയോക്താക്കൾക്ക് ഇപ്പോൾ മറ്റുള്ളവരുടെ സ്റ്റാറ്റസ് ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും കഴിയും. സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്റ്റുകളെ സ്വകാര്യമായി മെൻഷൻ ചെയ്യാനും മറ്റുള്ളവരെ ടാഗ് ചെയ്യാനും കഴിയുന്ന തരത്തിലാണ് ഫീച്ചർ അവതരിക്കപ്പെട്ടത്.
പലപ്പോഴും മറ്റുള്ളവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ എല്ലാം കാണാൻ ഉപയോക്താക്കൾക്ക് കഴിയണമെന്നില്ല. ഏറ്റവും അടുത്ത ആളുകൾ സ്റ്റാറ്റസ് കാണുന്നുവെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. അവരെ സ്വകാര്യമായി മെൻഷൻ ചെയ്ത് ടാഗ് ചെയ്ത് അവർ സ്റ്റാറ്റസ് കണ്ടു എന്ന് ഉറപ്പാക്കുന്നതാണ് ഈ ഫീച്ചറിന്റെ രീതി.
വീഡിയോ കോളിലും ഫീച്ചറുകൾ അവതരിപ്പിച്ച് കഴിഞ്ഞ ആഴ്ച വാട്‌സ്ആപ്പ് ഞെട്ടിച്ചിരുന്നു.വീഡിയോ കോളുകൾക്കായുള്ള ക്യാമറ ഫീൽട്ടറുകളും ആകർഷകമായ ബാക്ക്ഗ്രൗണ്ടുകളുമാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം ടച്ച്-അപ് ഓപ്ഷനുകളുമുണ്ടാകും. വാം, കൂൾ, ബ്ലാക്ക് ആൻഡ് വൈറ്റ്, ലൈറ്റ് ലീക്ക്, ഡ്രീമി, പ്രിസം ലൈറ്റ്, ഫിഷ്ഐ, വിൻറേജ് ടിവി, ഫ്രോസ്റ്റഡ് ഗ്ലാസ് തുടങ്ങിയ ഫിൾട്ടറുകളാണ് വാട്സ്ആപ്പ് വീഡിയോ കോളിലെത്തുന്നത്
അപ്പോ ഒന്നും അറിഞ്ഞില്ലേ? : ചാറ്റുകളിൽ വമ്പൻ മാറ്റം; കിടിലൻ അപ്‌ഡേറ്റുമായി വാട്സ്ആപ്പ്
