കരിഞ്ഞതും പുകയടങ്ങിയതുമായ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍…? എങ്കില്‍ ആ ശീലം നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായേക്കാം. ഭക്ഷണം പാകം ചെയ്യുമ്പോഴുള്ള ചെറിയ പിഴവുകള്‍മൂലം പലപ്പോഴും അത് അടിക്ക് പിടിക്കുകയോ കരിയുകയോ ചെയ്തെന്ന് വരാം. അങ്ങനെയുള്ള സന്ദർഭങ്ങളില്‍ ചിലർ ആ ഭക്ഷണം ഉപേക്ഷിക്കും. എന്നാല്‍ മറ്റു ചിലരാകട്ടെ അതില്‍ നിന്നും പരമാധി ഭക്ഷ്യയോഗ്യമായവ തിരഞ്ഞെടുക്കാൻ ശ്രമിക്കും. കൂടാതെ കരിഞ്ഞ ഭക്ഷണത്തിന്റെ ക്രിസ്പിനെസ് മൂലം അവ കഴിക്കാൻ ഇഷ്ടപ്പെടുന്നവരും നമുക്കിടയില്‍ ഉണ്ട്. അത്തരത്തില്‍ കരിഞ്ഞ ഭക്ഷണം ഒഴിവാക്കാൻ ബുദ്ധിമുട്ടുള്ള ആളാണ് നിങ്ങളെങ്കില്‍ ഓർക്കുക ഈ ശീലം നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായേക്കാം. പല രീതിയിലാണിത് ആരോഗ്യത്തിന് ഭീഷണിയാകുന്നത്. ഇത് എങ്ങനെയെല്ലാമെന്ന് നോക്കാം…
ഒന്ന്…
ഭക്ഷണം കരിയുമ്പോള്‍ ചൂട് അധികമായി താങ്ങാൻ കഴിയാത്ത, ഭക്ഷണത്തിലെ പോഷകങ്ങളത്രയും നശിച്ചുപോകുന്നു. വൈറ്റമിൻ ബി, വൈറ്റമിൻ സി എല്ലാം ഇതിനുദാഹരണമാണ്. ഇത് ആരോഗ്യത്തിനും നല്ലതല്ല. ചില സന്ദര്‍ഭങ്ങളില്‍ ഭക്ഷണത്തില്‍ വിഷാംശമുണ്ടാകുന്നതിലേക്കും നയിക്കുന്നു.
രണ്ട്…
മുകളില്‍ സൂചിപ്പിച്ചത് പോലെ തന്നെ ഭക്ഷണം കരിയുമ്പോള്‍ ഇതിലെ തന്നെ ചില ഘടകങ്ങള്‍ വിഷാംശമായി മാറുന്നുണ്ട്. ഇത് ക്രമേണ ആരോഗ്യത്തിന് പല രീതിയിലുള്ള വെല്ലുവിളികളായി വരാം. അതിനാല്‍ പതിവായി കരിഞ്ഞ ഭക്ഷണം കഴിക്കുന്നത് തീര്‍ച്ചയായും അവസാനിപ്പിക്കേണ്ട ശീലമാണ്.
മൂന്ന്…
ഭക്ഷണം കരിയുമ്പോള്‍ ഇതില്‍ പല രാസ പ്രവര്‍ത്തനങ്ങളും നടക്കുന്നു. ഇതുവഴി ചില സാഹചര്യങ്ങളില്‍ ആരോഗ്യത്തിന് ദോഷകരമായ രാസപദാര്‍ത്ഥങ്ങളും ഉണ്ടായി വരാം. പ്രത്യേകിച്ച് പ്രോട്ടീൻ- ഫാറ്റ് എന്നിവയെല്ലാം കരിയുമ്പോള്‍. ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ കരിഞ്ഞത് കഴിക്കാതിരിക്കാനും ഓര്‍മ്മിക്കുക.
നാല്…
കരിഞ്ഞ ഭക്ഷണം കഴിക്കുന്നത് ദഹന പ്രവര്‍ത്തനത്തെയും മോശമായി ബാധിക്കാം. കാരണം ഭക്ഷണം കരിയുമ്പോള്‍ അതിലെ പല പോഷകങ്ങളും നഷ്ടപ്പെടുകയാണല്ലോ. ഇതാണ് വഴിയെ ദഹനത്തെയും ബാധിക്കുന്നത്. തുടര്‍ന്ന് അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങളും നേരിടാം.
അഞ്ച്…
കരിഞ്ഞ ഭക്ഷണം ആരോഗ്യപ്രശ്നങ്ങള്‍ മാത്രമല്ല സൃഷ്ടിക്കുന്നത്. ഇത് ആകെ ഭക്ഷണത്തിന്‍റെ രുചി, ഗന്ധം, നിറം എന്നിവയെ എല്ലാം ബാധിക്കുന്നു. ഭക്ഷണത്തിന്‍റെ തനിമയേ നഷ്ടപ്പെടുത്തുന്നു. ഇതിന് ശേഷം പിന്നെ ആ വിഭവം കഴിച്ചിട്ട് കാര്യമില്ലല്ലോ. അടുത്ത തവണ ആ വിഭവം കഴിക്കാതിരിക്കാൻ തോന്നാൻ വരെ ഈ അനുഭവം മനശാസ്ത്രപരമായി കാരണമായി വരാം. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം അടുക്കളയില്‍ പാചകം ചെയ്യുമ്പോള്‍ ഭക്ഷണം കരിയാത്ത വിധത്തില്‍ ശ്രദ്ധയോടെ ചെയ്യാൻ ശ്രമിക്കുക. ഇനി അഥവാ നല്ലരീതിയില്‍ കരിഞ്ഞുപോയാല്‍ അത് ഉപയോഗിക്കാതിരിക്കാം. അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ ഉപയോഗിച്ചാല്‍ പോലും ഇതൊരു പതിവാക്കാതിരിക്കാൻ നിര്‍ബന്ധമായും ശ്രദ്ധിക്കുക.
നിങ്ങൾ കരിഞ്ഞ ഭക്ഷണം കഴിക്കുന്നവരാണോ..?
Advertisements
Advertisements
Advertisements