പൊള്ളുന്ന ചൂടിൽ ഭക്ഷണം ശരിയായി സൂക്ഷിച്ചില്ലെങ്കിൽ ഭക്ഷ്യ വിഷബാധ പോലുള്ള പ്രശ്‌നങ്ങൾക്കു സാധ്യതയെന്ന് മുന്നറിയിപ്പ്.വൃത്തിഹീനമായ ഭക്ഷണത്തിൽ ബാക്ടീരിയ, വൈറസ് ഇവയെല്ലാം ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകും.
5 വയസ്സിന് താഴെയുള്ള കുട്ടികൾ, വിട്ടുമാറാത്ത രോഗമുള്ളവർ, ഗർഭിണികൾ, പ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്കാണ് ഭക്ഷ്യവിഷബാധ ഏൽക്കാൻ സാധ്യത കൂടുതൽ.ഇവർ ഭക്ഷണത്തിൽ ശ്രദ്ധ ചെലുത്തണം. റെഡി ടു ഈറ്റ് ഭക്ഷണം, വേവിച്ച മാംസം, സംസ്‌കരിക്കാത്ത ഭക്ഷണം, ശുദ്ധീകരിക്കാത്ത ക്ഷീര ഉൽപന്നങ്ങൾ എന്നിവ കരുതലോടെ ഉപയോഗിക്കണം
ഭക്ഷണകാര്യത്തിൽ വ്യക്തിശുചിത്വം നിർബന്ധമാണ്. അടുക്കളയിലും വൃത്തി വേണം. ഭക്ഷണം പാചകം ചെയ്യുന്നതിനും വിളമ്പുന്നതിനും മുൻപ് കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. പകർച്ച വ്യാധിയുള്ളവർ, കയ്യിൽ മുറിവ്, വ്രണം എന്നിവയുളളവർ ഭക്ഷണം പാചകം ചെയ്യുന്നതും വിളമ്പുന്നതും ഒഴിവാക്കണം. പച്ചക്കറി, പഴവർഗങ്ങൾ എന്നിവ അൽപ സമയം ഉപ്പുവെള്ളത്തിൽ ഇട്ടശേഷം ശുദ്ധ ജലത്തിൽ മൂന്നോ നാലോ തവണ കഴുകിയ ഉപയോഗിക്കാം. അടുക്കള മാലിന്യങ്ങൾ കൃത്യമായി നീക്കണം. അന്നന്നത്തെ ആവശ്യത്തിനുള്ള ഭക്ഷണം ഉണ്ടാക്കുന്നതാണ് നല്ലത്. വേവിച്ച ഭക്ഷണം പരമാവധി അന്നു തന്നെ ഉപയോഗിച്ച് തീർക്കാൻ ശ്രദ്ധിക്കണം.
വേവിച്ചതും അല്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ ശരിയായി ഫ്രിജിൽ സൂക്ഷിക്കണം. വേവിച്ചതും സംസ്‌കരിക്കാത്തതുമായ ഭക്ഷണം ഫ്രിഡ്ജിന്റെ മുകൾതട്ടിൽ വേണം സൂക്ഷിക്കാൻ. ഫ്രിജിലെ താപനില 2-4 ഡിഗ്രി സെൽഷ്യസിന് ഇടയിലാകണം. മീനും ഇറച്ചിയുമെല്ലാം സൂക്ഷിക്കുന്ന ഫ്രീസറിൽ താപനില 18 ഡിഗ്രിയിൽ താഴെയാകണം. ഭക്ഷണം ചൂട് മാറിയ ശേഷം മാത്രമേ ഫ്രിജിൽ എടുത്തുവയ്ക്കാവൂ. ഫ്രിജിൽ നിന്നും എടുത്ത് ചൂടാക്കിയ ഭക്ഷണം വീണ്ടും ഫ്രിജിൽ സൂക്ഷിക്കരുത്. മുട്ടയുടെ പുറംതോട് കഴുകി വൃത്തിയാക്കി മാത്രമേ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാവൂ. മണിക്കൂറുകൾ ഭക്ഷണം പുറത്ത് വച്ച ശേഷം പിന്നീട് ഫ്രിജിൽ സൂക്ഷിക്കരുതെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ഫ്രീസറിൽ നിന്നു ചിക്കൻ, ഇറച്ചി, മീൻ എന്നിവ എടുക്കുമ്പോൾ അതിലെ തണുപ്പ് മാറ്റുന്നതിലും പ്രത്യേക ശ്രദ്ധ വേണം. പലരും അടുക്കളയിലെ സിങ്കിൽ പൈപ്പ് തുറന്ന് വച്ചാണ് ഇവയുടെ തണുപ്പ് മാറ്റുന്നത്. ഇത് തെറ്റായ രീതിയാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പൈപ്പിലെ വെള്ളം 21 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ആകരുത്. ഫ്രീസറിൽ നിന്ന് ഇറച്ചിയും മറ്റും എടുക്കുമ്പോൾ പാക്കറ്റ് കളയാതെയാണ് തണുപ്പ് മാറ്റുന്നതെങ്കിൽ ഇറച്ചി ചീത്തയാകാതിരിക്കാനുള്ള സാധ്യത കുറയ്ക്കും.
പാചകത്തിലെ ശ്രദ്ധ ഭക്ഷണം സൂക്ഷിക്കുന്നതിലും വേണം
