ബേസിൽ ജോസഫ്, നസ്രിയ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി എം.സി ജിതിൽ സംവിധാനം ചെയ്ത ചിത്രമാണ് സൂക്ഷ്മദർശിനി. നവംബർ 22 ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്സോഫീസിൽ മികച്ച വിജയമാണ് നേടിയത്. 50 കോടി ക്ലബ്ബിൽ ചിത്രം ഇടംപിടിച്ചിരുന്നു.
തിയറ്ററുകളിൽ മികച്ച സ്വീകാര്യത നേടിയ സൂക്ഷ്മദർശിനിയുടെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് ഗാഡ്ജറ്റ് 360യുടെ റിപ്പോർട്ട്. സിംപ്ലി സൗത്ത് ഓവർസീസ് സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.
അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന കൗതുകവും ഉദ്വേഗജനകവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ബേസിലിന്‍റേയും നസ്രിയയുടേയും ഇതുവരെ കാണാത്ത മാനറിസങ്ങളും പ്രകടനങ്ങളുമാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് പ്രേക്ഷകാഭിപ്രായം. കൂടാതെ ഒട്ടേറെ സർപ്രൈസ് എലമെന്‍റുകളും ചിത്രം പ്രേക്ഷകർക്കായി കാത്തുവെച്ചിട്ടുണ്ട്.
ബേസിൽ- നസ്രിയ ചിത്രം സൂക്ഷ്മദർശിനി എപ്പോൾ ഒ.ടി.ടിയിൽ എത്തും









