ബാലതാരമായി സിനിമാ മേഖലയിലേക്ക് എത്തിയ വ്യക്തിയാണ് സാന്ദ്ര തോമസ്. ഇന്ന് മലയാള സിനിമയിലെ വിരലിലെണ്ണാവുന്ന വനിതാ നിർമാതാക്കളിൽ ഒരാളാണ് സാന്ദ്ര. സക്കറിയയുടെ ഗർഭിണികൾ, മങ്കിപെൻ തുടങ്ങിയ സിനിമകൾ നിർമിച്ചത് സാന്ദ്ര തോമസാണ്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ ആറോളം സിനിമകളും പിന്നീട് തന്റെ സ്വന്തം പ്രൊഡക്ഷൻ ഹൗസിൽ മൂന്ന് സിനിമകളും സാന്ദ്ര നിർമിച്ചിട്ടുണ്ട്. സിനിമാനിർമാണത്തിന് പുറമെ ചില സിനിമകളിൽ അഭിനയിക്കാനും സാന്ദ്രക്ക് സാധിച്ചിട്ടുണ്ട്.
നിർമാതാക്കളോടുള്ള താരങ്ങളുടെ മാറിയ സമീപനത്തെ കുറിച്ച് സംസാരിക്കുകയാണ് സാന്ദ്ര തോമസ്. താരങ്ങൾക്ക് നിർമാതാക്കൾ വെറും ക്യാഷ്യർ മാത്രമാണ് ഇപ്പോഴെന്ന് സാന്ദ്ര തോമസ് പറയുന്നു. നിർമാതാവിനെ സമ്മർദത്തിലാക്കിയാലും നമ്മുടെ കാര്യം നടക്കണം എന്ന ചിന്തയാണ് പല താരങ്ങൾക്കുമെന്നും അങ്ങനെ വന്നതോടെ പല നിർമാതാക്കൾക്കും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും അവഗണന നേരിടേണ്ടി വരുന്നുവെന്നും സാന്ദ്ര പറഞ്ഞു.
നിർമാതാവിന് താരങ്ങളെ നാളെയും ആവശ്യമുണ്ടെന്നും അതുകൊണ്ട് നിർമാതാക്കളെ എത്ര വെറുപ്പിച്ചാലും അവർ താരങ്ങളുടെ പിന്നാലെ പോകും എന്നത് സത്യമാണെന്നും അവർ കൂട്ടിച്ചേർത്തു. നാനാ വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്.