യാത്രക്കാരെ വഹിച്ചുകൊണ്ട് ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് പാസഞ്ചര്‍ വിമാനത്തിന്റെ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി ബീറ്റ ടെക്‌നോളജീസിന്റെ ആലിയ സിഎക്‌സ് 300 ഇലക്ട്രിക് വിമാനം. ഈ മാസം ആദ്യം ഈസ്റ്റ് ഹാംപ്ടണില്‍ നിന്ന് യുഎസിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തിലേക്ക് നാല് യാത്രക്കാരുമായി പറന്ന വിമാനമാണ് 30 മിനിറ്റിനുള്ളില്‍ 70 നോട്ടിക്കല്‍ മൈല്‍ (130 കി.മീ) താണ്ടിയതായി ‘ഫോക്‌സ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തത്.
സാധാരണഗതിയില്‍ ഇത്രയും ദൂരം യാത്ര ചെയ്യാന്‍ ഒരു ഹെലികോപ്റ്ററിന് 13,885 രൂപയാണ് ചെലവ്. എന്നാല്‍ ഇലക്ട്രിക് വിമാനത്തിന് വെറും 649 രൂപയാണ് ചെലവായത്. 30 മിനിറ്റ് നീണ്ടുനിന്ന യാത്രയില്‍ നാല് യാത്രക്കാര്‍ ഉണ്ടായിരുന്നു. എന്‍ജിനുകളും പ്രൊപ്പല്ലറുകളും ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് സുഖകരമായി സംസാരിക്കാനും സമാധാനമായി ഇരിക്കാനും സാധിക്കും. പൈലറ്റിന്റെ ശമ്പളം ഉള്‍പ്പെടെ കണക്കാക്കിയാലും ഈ ഇലക്ട്രിക് വിമാനം വളരെയേറെ ലാഭമാണെന്ന് ബീറ്റ ടെക്‌നോളജീസിന്റെ സ്ഥാപകനും സിഇഒ യുമായ കൈല്‍ ക്ലാര്‍ക്ക് പറഞ്ഞു.
വെര്‍മോണ്ടില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബീറ്റ ടെക്‌നോളജീസ് 2017 ലാണ് സ്ഥാപിതമായത്. ഇലക്ട്രിക് വിമാനങ്ങളുടെ ഉത്പാദനം, സര്‍ട്ടിഫിക്കേഷന്‍, വാണിജ്യവത്കരണം എന്നിവ വേഗത്തിലാക്കാന്‍ അടുത്തിടെ 318 മില്യണ്‍ ഡോളര്‍ കമ്പനി സ്വരൂപിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ വിമാനത്തിന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (FFA) സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുക എന്നതാണ് കമ്പനിയുടെ ഇപ്പോഴത്തെ ലക്ഷ്യം.

ഒറ്റ ചാര്‍ജില്‍ 250 നോട്ടിക്കല്‍ മൈല്‍ വരെ പറക്കാന്‍ ബീറ്റ വിമാനങ്ങള്‍ക്ക് കഴിവുളളതിനാല്‍ നഗരങ്ങള്‍ക്കും പ്രാന്ത പ്രദേശങ്ങള്‍ക്കും ഇടയിലുള്ള യാത്ര നടത്താന്‍ ഇത് അനുയോജ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. പറക്കും ടാക്‌സി എന്നാണ് ഈ വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍ അറിയപ്പെടുന്നത്.പൂര്‍ണമായി ചാര്‍ജ്ജ് ചെയ്താല്‍ വിമാനത്തിന് 463 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നും അങ്ങനെ നഗരങ്ങളില്‍നിന്ന് നഗരങ്ങളിലേക്കുളള യാത്ര എളുപ്പമാകുമെന്നും കമ്പനി പറയുന്നു.









