ന്യൂഡല്‍ഹി: രാജ്യത്തെ ടെലിവിഷന്‍ റേറ്റിങ്ങില്‍ വന്‍ പരിഷ്‌കാരങ്ങളുമായി കേന്ദ്രം. ലാന്‍ഡിങ് പേജ് എന്നറിയപ്പെടുന്ന കേബിള്‍ ശൃംഖലയില്‍ ടെലിവിഷന്‍ ഓണ്‍ ചെയ്യുമ്പോള്‍ കിട്ടുന്ന ചാനല്‍ വഴിയുള്ള വ്യൂവര്‍ഷിപ്പ് ഇനി മുതല്‍ റേറ്റിങ്ങില്‍ പരിഗണിക്കില്ല. ടെലിവിഷന്‍ റേറ്റിംഗ് സംവിധാന സംവിധാനത്തില്‍ ലാന്‍ഡിങ്ങ് പേജ് കാഴ്ചക്കാരെ ഒഴിവാക്കി, ഒടിടി, കണക്റ്റഡ് ടിവി എന്നിവ ഉള്‍പ്പെടുത്തി റേറ്റിംഗില്‍ സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.
പുതിയ പരിഷ്‌കാരങ്ങള്‍:
ലാന്‍ഡിംഗ് പേജ് മാര്‍ക്കറ്റിംഗ് ഉപകരണമായി മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഇത് റേറ്റിങ്ങില്‍ കൃത്രിമം കാണിക്കുന്നത് തടയാനെന്നാണ് വിശദീകരണം.
റേറ്റിങ്ങിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനായി വിവരങ്ങള്‍ ശേഖരിക്കുന്ന വീടുകളുടെ എണ്ണം, കൂട്ടാനും പുതിയ പരിഷ്‌കാരത്തില്‍ നിര്‍ദേശം ഉണ്ട്. വിശ്വാസ്യത ഉറപ്പുവരുത്താനാണ് പുതിയ നയം.
ടിവി റേറ്റിംഗ് ഏജന്‍സികള്‍ക്കുള്ള ആസ്തി മാനദണ്ഡങ്ങളും കുറച്ചു. യോഗ്യത മാനദണ്ഡം 20 കോടിയില്‍ നിന്ന് അഞ്ച് കോടിയാക്കിയും കുറച്ചു.
ഡയറക്ടര്‍ ബോര്‍ഡിലെ 50 ശതമാനം ആളുകള്‍ക്കും പ്രക്ഷേപകര്‍, പരസ്യ ദാതാക്കള്‍, ഏജന്‍സികള്‍ എന്നിവരുമായി ബന്ധമുണ്ടാകാനും പാടുള്ളതല്ല.
റേറ്റിംഗ് കണക്കാക്കുന്നതിനായുള്ള മീറ്റേഡ് ഹോമുകളുടെ എണ്ണം 80,000 ആയും, പിന്നീട് ഘട്ടം ഘട്ടമായി 1,20,000 ആയും ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചു.
കേബിള്‍, ഡിടിഎച്ച് എന്നിവയ്ക്ക് പുറമെ ഒടിടി, കണക്റ്റഡ് ടിവി എന്നിവയിലൂടെയുള്ള കാഴ്ചക്കാരെയും ഇനി മുതല്‍ കൃത്യമായി അളക്കണം.
ഡാറ്റയും അളക്കുന്ന രീതിയും ഏജന്‍സികള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം.
പുതിയ നയം അനുസരിച്ച് 50 ശതമാനം ബോര്‍ഡ് അംഗങ്ങളും സ്വതന്ത്ര ഡയറക്ടര്‍മാരായിരിക്കണം. നിയമങ്ങള്‍ ലംഘിക്കുന്ന ഏജന്‍സികള്‍ക്ക് മൂന്ന് മാസം വരെ സസ്‌പെന്‍ഷനും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ നല്‍കാനും നയത്തില്‍ വ്യവസ്ഥയുണ്ട്.
10 ദിവസത്തിനകം പരാതി പരിഹാരത്തിന് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണം. ഇപ്പോഴുള്ള ഏജന്‍സികള്‍ ആറ് മാസത്തിനകം നടപടി പൂര്‍ത്തിയാക്കണം.
ടെലിവിഷന്‍ റേറ്റിങ്ങില്‍ കൃത്രിമം ഒഴിവാക്കാന്‍ വന്‍ പരിഷ്‌കാരങ്ങളുമായി കേന്ദ്രം









