ഉപയോക്താക്കളുടെ സ്വകാര്യതയുടെ പേരിൽ പലപ്പോഴും വിവാദത്തിൽ അകപ്പെടാറുള്ളതാണ് ഫേസ്ബുക്കും മാതൃകമ്പനിയായ മെറ്റയും. കമ്പനി തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡലുകളെ പരിശീലിപ്പിക്കാൻ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പബ്ലിക്കായി പങ്കിടുന്ന ഫോട്ടോകൾ ഉപയോഗിക്കുന്നുണ്ടെന്ന് അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന പുതിയ റിപ്പോർട്ട് കൂടുതൽ ഞെട്ടിക്കുന്നതാണ്.
ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ പങ്കിടുന്ന ഫോട്ടോ മാത്രമല്ല, നിങ്ങളുടെ ഫോണിന്റെ ക്യാമറ റോളിലേക്കും ഫേസ്ബുക്ക് ആക്സസ് നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇങ്ങനെ ലഭിക്കുന്ന ഫോട്ടോകളും മെറ്റ എ ഐ മോഡലുകളുടെ പരിശീലനത്തിന് വേണ്ടി ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ചില ഫേസ്ബുക്ക് ഉപയോക്താക്കൾ സ്റ്റോറി അപ്ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ ലഭിച്ച പുതിയ പോപ് അപ്പ് വിൻഡോയാണ് ഇത്തരത്തിലുള്ള മെറ്റയുടെ ഇടപെടൽ വ്യക്തമാക്കിയത്. സ്റ്റോറി അപ്ലോഡ് ചെയ്യുമ്പോൾ ഒരു പുതിയ പോപ്പ്അപ്പ് അറിയിപ്പ് ലഭിക്കുന്നു. ഈ അറിയിപ്പ് ക്ലൗഡ് പ്രോസസിംഗ് എന്ന പുതിയ ഫീച്ചർ തിരഞ്ഞെടുക്കാനുള്ള ഒപ്ഷനിലക്ക് കടക്കുന്നു. ഈ ഫീച്ചർ നിങ്ങളുടെ ക്യാമറ റോളിൽ നിന്ന് മെറ്റയുടെ ക്ലൗഡിലേക്ക് ഫോട്ടോകൾ പതിവായി അപ്ലോഡ് ചെയ്യാനുള്ള അനുമതി നൽകുന്നു.
ഇത് ഉപയോക്താക്കൾക്ക് ഫോട്ടോ കൊളാഷുകൾ, ഇവന്റ് റീക്യാപ്പുകൾ, AI- ജനറേറ്റഡ് ഫിൽട്ടറുകൾ, ജന്മദിനം പോലെയുള്ള തീം അടിസ്ഥാനമാക്കിയുള്ള ഡിസൈൻ തുടങ്ങിയവ നൽകും. എന്നാൽ ഒറ്റനോട്ടത്തിൽ ഇത് അങ്ങേയറ്റം ഫലപ്രദമാണെന്ന് തോന്നുമെങ്കിലും പിന്നിൽ വലിയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട്.
അതായത് ഈ സവിശേഷതയ്ക്ക് നിങ്ങൾ സമ്മതം നൽകുകയാണെങ്കിൽ, നിങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കിടാത്ത പേഴ്സണലായതും അല്ലാത്തതുമായ നിങ്ങളുടെ ക്യാമറ റോളിലെ സകല ഫോട്ടുകളും സ്കാൻ ചെയ്യാനും വിശകലനം ചെയ്യാനും നിങ്ങൾ മെറ്റയ്ക്ക് അനുമതി നൽകുകയാണ്. ഇതിനർത്ഥം നിങ്ങളുടെ ഫോട്ടോകളിൽ ദൃശ്യമാകുന്ന മുഖങ്ങൾ, ഫ്രെയിമിലെ വസ്തുക്കൾ, അവ എടുത്ത തീയതി, സ്ഥലം തുടങ്ങിയ വിവരങ്ങൾ പോലും മെറ്റാ എഐയ്ക്ക് ഉപയോഗിക്കാം എന്നുകൂടിയാണ് .
അതേസമയം ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് ഈ ഫീച്ചർ എന്നും ഇഷ്ടാനുസരണം ഓണാക്കാനോ ഓഫാക്കാനോ കഴിയുന്ന ഒരു ‘ഓപ്റ്റ്-ഇൻ’ ഫീച്ചറാണ് ഇതെന്നും ആണ് മെറ്റ വാദിക്കുന്നത്. അതായത് ഉപയോക്താക്കൾക്ക് ഇഷ്ടമുള്ളപ്പോൾ ഇത് പ്രവർത്തനരഹിതമാക്കാം. എന്നാൽ ഈ വാദം നിലനിൽക്കെ തന്നെ ഫേസ്ബുക്കിന്റെ പൂർവ കാല ചരിത്രം കണക്കിലെടുക്കുമ്പോൾ പലരും ഈ പുതിയ ഫീച്ചറിൽ തങ്ങളുടെ സ്വകാര്യത ലംഘിക്കപ്പെടും എന്ന ആശങ്കയുള്ളവരാണ്.









