തിയറ്ററുകൾ ആവേശത്തിലാഴ്ത്തി മുന്നേറുന്ന ലോക ചാപ്റ്റർ 1 ചന്ദ്ര എന്ന ചിത്രത്തിലെ മൂത്തോൻ എന്ന കഥാപാത്രത്തെ താൻ തന്നെ അവതരിപ്പിക്കാമെന്ന് മമ്മൂട്ടി തന്നെ ഇങ്ങോട്ട് നിർദേശിക്കുകയായിരുന്നുവെന്ന് ചിത്രത്തിന്റെ സഹ തിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രൻ. ലോകയിൽ മൂത്തോൻ ആയി മമ്മൂട്ടിയുടെ ശബ്ദ സാന്നിധ്യം ഉണ്ടായിരുന്നു.ലോകയുടെ വിജയകരമായ പ്രദർശനത്തോടനുമ്പന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് ശാന്തി ഇക്കാര്യം വെളിപ്പെടുത്തിയത്. “ഈ ചിത്രത്തിന്റെ തുടക്കം മുതൽ എല്ലാ കാര്യങ്ങളിലും മമ്മൂക്ക താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഷൂട്ടിങ് സീറ്റിലും അദ്ദേഹം സന്ദർശിച്ചിരുന്നു. മൂത്തോൻ എന്ന കഥാപാത്രം ആദ്യം മുതൽ തന്നെ ഞങ്ങളുടെ ആലോചനയിൽ ഉണ്ട്. എന്നാൽ ആദ്യ ചിത്രത്തിൽ അധികം മൂത്തോനെക്കുറിച്ച് കാണിക്കുന്നുണ്ടായിരുന്നില്ല” ശാന്തി ബാലചന്ദ്രൻ പറയുന്നു.ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരും അതിഥി വേഷങ്ങളിൽ ലോകയിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എങ്കിലും ഇരുവരെയും പോലെ മമ്മൂട്ടിയുടെ മുഖം ചിത്രത്തിൽ വെളിപ്പെടുത്തിയിരുന്നില്ല. താരത്തിന്റെ ശബ്ദം കേട്ട് കൊണ്ട് മാത്രം ആരാധകർ ഇക്കാര്യം തിരിച്ചറിഞ്ഞ് ആഘോഷമാക്കുകയായിരുന്നു.
“മൂത്തോനെ കുറിച്ച് പ്രതിപാദിക്കുന്നത് വളരെ കുറച്ച് മാത്രമേയുള്ളു എന്നതിനാൽ ഇത്ര വലിയൊരു ഇതിഹാസ നടനെ ഒരു സീനിലേയ്ക്ക് മാത്രമായി വിളിക്കുന്നതിൽ ഞങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾ നിർമ്മിച്ച ഭാഗങ്ങൾ കണ്ട് അദ്ദേഹത്തിന് ഇഷ്ട്ടമായതിനാൽ അദ്ദേഹം തന്നെ ആ വേഷം ചെയ്യാം എന്ന വാഗ്ദാനം ഞങ്ങൾക്ക് നൽകി” ശാന്തി ബാലചന്ദ്രൻ പറഞ്ഞു.









