ബംഗളൂരു: ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിക്ക് എതിരായ ആദായ നികുതി വകുപ്പ് നടപടികള്‍ കള്ളപ്പണം വെളുപ്പിക്കല്‍ സംശയങ്ങളുടെ പേരിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിലെയും കര്‍ണാടകയിലെയും ചില രാഷ്ട്രീയക്കാര്‍ക്ക് കോണ്‍ഫിഡന്റ് ഗ്രൂപ്പ് വഴി വന്‍തോതില്‍ പണം എത്തിയെന്ന സംശയവും റോയിയെയും സ്ഥാപനത്തെയും ആദായ നികുതി വകുപ്പിന്റെ സൂക്ഷ്മ നിരീക്ഷണത്തിലേക്ക് എത്തിച്ചതെന്ന് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍, രാഷ്ട്രീയ രംഗത്തെ ചില പ്രമുഖരുടെ ‘മാര്‍ഗമായി’ ആയി പ്രവര്‍ത്തിച്ചു എന്നീ ആരോപണങ്ങളാണ് റോയിയെ തങ്ങളുടെ റഡാറിലെത്തിച്ചതെന്ന് ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്തിന് പുറത്തുനിന്ന് പണം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധനയില്‍ കണ്ടെത്തി.
ഒരു കമ്പനി ഉപയോഗിക്കാത്ത ഒരു ആസ്തി മറ്റൊരു കമ്പനിക്ക് വില്‍ക്കുന്നതും അതേ സമയം തന്നെ ആസ്തികള്‍ തിരികെ വാങ്ങുകയും ചെയ്യുന്ന റൗണ്ട്-ട്രിപ്പിംഗ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പണമിടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
പ്രാദേശിക രാഷ്ട്രീയക്കാര്‍ക്ക് രാജ്യത്തിന് പുറത്തുനിന്നും പണം ലഭിക്കുന്ന ‘ഓഫ്-ബുക്ക് പേയ്‌മെന്റുകള്‍’ നടത്തുന്നതിനായി റോയിയുടെ സ്ഥാപനം മുഖ്യ പങ്കു വഹിച്ചിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ സംശയം. പണം സ്വീകരിക്കുന്നവര്‍ നിയമാനുസൃതമായി വരുമാനം നേടിയിട്ടുണ്ടെന്ന് വരുത്തിത്തീര്‍ക്കുക എന്നതായിരുന്നു ഈ പ്രവര്‍ത്തനളുടെ ലക്ഷ്യം. റോയിയുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് കടമില്ലാത്തതാണെന്ന അവകാശവാദം തെറ്റാണെന്ന് സൂചന നല്‍കുന്നതാണ് ഈ വിരങ്ങള്‍. മറ്റുള്ളവരുടെ ഫണ്ട് കൈകാര്യം ചെയ്തതിന്റെ പേരില്‍ റോയ്ക്ക് മേല്‍ സമ്മര്‍ദം ഉണ്ടായിരിക്കാം എന്നും നികുതി വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യയില്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് എന്‍ആര്‍ഐകള്‍ക്ക് ആസ്തികള്‍ വില്‍ക്കുക. ആദായനികുതി ഇല്ലാത്ത യുഎഇയില്‍ വച്ച് ബാക്കി തുക ശേഖരിക്കുകയും ചെയ്യുന്ന വിധത്തിലായിരുന്നു പ്രവര്‍ത്തനം. റോയിയുടെ മൊബൈല്‍ രേഖകള്‍ പ്രകാരം ഇത്തരത്തില്‍ ഇടപാടുകള്‍ നടത്തുന്ന വ്യക്തികളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് ഐടി വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.
ഉദ്യോഗസ്ഥരുടെ പീഡനം കാരണമാണ് റോയ് ജീവിതം അവസാനിപ്പിച്ചുവെന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ റിപ്പോര്‍ട്ടുകളും ആരോപണങ്ങളും തെറ്റാണെന്നും ആദായനികുതി വൃത്തങ്ങള്‍ പറയുന്നു. രണ്ട് മാസത്തിനിടെ മൂന്നാമത്തെ പരിശോധനയായിരുന്നു ‘വെള്ളിയാഴ്ച ബംഗളൂരുവില്‍ നടന്നത്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍, കൊച്ചിയിലെയും ബംഗളൂരുവിലെയും ഓഫീസുകളില്‍ പരിശോധന നടന്നിരുന്നു. പരിശോധനകള്‍ക്ക് നിയമാനുസൃതമായ സാക്ഷികള്‍ ഉണ്ടായിരുന്നു. ഐ-ടി പരിശോധനയുടെ അവസാന ഘട്ടമായിരുന്നു വെള്ളിയാഴ്ച നടന്നത്. ചില ലോക്കറുകളും ഒരു അലമാരയും പരിശോധിച്ചു. അന്നേ ദിവസം റോയിയെ ചോദ്യം ചെയ്തിട്ടില്ല. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നിര്‍ദേശം നല്‍കുന്നതിന് മുന്‍പാണ് റോയ് ജീവനൊടുക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.









