‘മാഡം, ദയവായി എന്റെ ഭാര്യയുടെ ഒരു ഫോട്ടോ എടുക്കാമോ?’ വൈറലായി വൃദ്ധ ദമ്പതികളുടെ ട്രെയിന്‍ യാത്ര

കൊച്ചി: പ്രണയത്തിന് പ്രായമില്ലെന്നാണല്ലോ പറയാറ്. അതിനെ അന്വര്‍ഥമാക്കുന്ന തരത്തിലാണ് സ്‌നേഹം കൊണ്ട് ഹൃദയം നിറച്ച വൃദ്ധ ദമ്പതികളുടെ നിമിഷങ്ങള്‍. തന്റെ പ്രിയതമയ്‌ക്കൊപ്പം ആദ്യമായി ട്രെയിന്‍ യാത്രയ്‌ക്കൊരുങ്ങിയ ഒരു വയോധികന്‍, സഹയാത്രികയോട് ഉന്നയിച്ച ഒരു ചെറിയ അഭ്യര്‍ഥനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

‘മാഡം, ദയവായി എന്റെ ഭാര്യയുടെ ഒരു ഫോട്ടോ എടുക്കാമോ? ഇത് അവളുടെ ആദ്യത്തെ ട്രെയിന്‍ യാത്രയാണ്,’ എന്നായിരുന്നു നിഷ്‌കളങ്കമായ ആ ചോദ്യം. തന്റെ പത്‌നിയുടെ മുഖത്തെ കൗതുകവും സന്തോഷവും ഒരു ചിത്രമായി സൂക്ഷിച്ചു വെക്കണമെന്ന ആ വൃദ്ധന്റെ ആഗ്രഹം സഹയാത്രികയാണ് തന്റെ സമൂഹമാധ്യമത്തിലൂടെ പുറംലോകത്തെത്തിച്ചത്. വീഡിയോയ്ക്ക് അടിക്കുറിപ്പായി യുവതി നല്‍കിയ വാക്കുകള്‍ ഇങ്ങനെയാണ്.വേണാട് എക്‌സ്പ്രസാണ്, കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര. തിരക്ക് കുറഞ്ഞു തുടങ്ങിയത് കൊണ്ട് വിന്‍ഡോ സീറ്റിലേക്ക് ഒതുങ്ങി ഹെഡ്സെറ്റില്‍ പാട്ടൊക്കെ കേട്ട് ഇരുന്നു. പെട്ടെന്ന് അടുത്തേക്കൊരു ‘അമ്മാവന്‍’ എത്തുന്നു, സ്ഥിരം ശല്യക്കാരില്‍ ഒരാളായിരിക്കും എന്ന് വിചാരിച്ചു ഒട്ടും താല്പര്യം ഇല്ലാതെ ഹെഡ്‌സെറ്റ് മാറ്റിയപ്പോള്‍ പുള്ളിക്കാരന്‍ ചോദിച്ചു, ‘മാഡം ഒരു ഫോട്ടോ എടുത്തു തരാമോ?’ ആദ്യം സംഗതി മനസിലായില്ല, ‘എന്താ ?’ എന്ന് ചോദിച്ചപ്പോള്‍ നിഷ്‌കളങ്കമായ ചിരിയോടെ അദ്ദേഹം ഭാര്യയെ പരിചയപ്പെടുത്തി, ‘മാഡം ഇതെന്റെ ഭാര്യയാണ്, അവള്‍ ആദ്യമായിട്ടാണ് ട്രെയിനില്‍ കയറുന്നത്. അതുകൊണ്ട് ഒരു ഫോട്ടോ എടുത്തു തരാമോ?’. മനസ് നിറഞ്ഞൊരു സന്തോഷം തോന്നി ആ ചോദ്യം കേട്ടപ്പോള്‍. ‘പിന്നെന്താ ചേട്ടാ, ചേട്ടനും കൂടെ നില്ക്കു, ഞാന്‍ എന്റെ ഫോണില്‍ തന്നെ എടുക്കാം,’ എന്ന് പറഞ്ഞു ഞാനും എഴുനേറ്റു. ആദ്യമൊന്നു നാണിച്ചെങ്കിലും ഭാര്യക്കൊപ്പം ആളും കയറിനിന്നു എന്റെ ഫ്രയിമിലേക്കു. ഭാര്യയുടെ വലിയ ആഗ്രഹം സാധിച്ചു കൊടുത്ത സന്തോഷം ചേട്ടന്റെ മുഖത്തും ഒരു ചെറു നാണത്തോടെയുള്ള ചിരി അമ്മയ്ക്കും.

ഒടുവില്‍ ഫോട്ടോയെടുത്ത് കഴിഞ്ഞ് അത് തങ്ങളുടെ മകന് അയച്ചുകൊടുക്കാനുള്ള ദമ്പതികളുടെ വ്യ?ഗ്രതയും സന്തോഷവും യുവതി പങ്കുവെക്കുന്നുണ്ട്. തിരുവനന്തപുരം സ്വദേശിയായ ശ്രീനാഥും, തിരുച്ചിറപ്പള്ളിക്കാരി വിക്ടോറിയയെ പ്രണയിച്ച കഥയും വിശേഷങ്ങളും കേട്ടായിരുന്നു തന്റെ പിന്നീടുള്ള യാത്രയെന്ന് യുവതി പറയുന്നു.ഫോട്ടോ എടുത്തു, ഉടനെ തന്നെ വാട്‌സ്ആപ്പില്‍ ഫോട്ടോ അയയ്ക്കാമോ എന്ന് ചോദിച്ചു, ഇളയ മകന്‍ ഡാനിക്ക് അയക്കാനാണത്രെ. പിന്നെ വിശേഷങ്ങളാണ്, ശ്രീനാഥ്, ഭാര്യ വിക്ടോറിയ, രണ്ടു ആണ്‍മക്കള്‍ വിദേശത്താണ്, മകള്‍ തിരുവനന്തപുരത്തും. മകളെ മാമ പയ്യന് കല്യാണം കഴിച്ചു കൊടുത്ത കഥയും, തിരുവനന്തപുറത്തുകാരന്‍ ശ്രീനാഥ് തിരുച്ചിറപ്പള്ളികാരി വിക്ടോറിയയെ ‘കാതലിച്ച’ കഥയും കേട്ടിരുന്നപ്പപ്പോള്‍ മകന്‍ ഡാനിയുടെ ഫോണ്‍ വന്നു. ഫോട്ടോ എടുത്തു കൊടുത്ത എന്നെയും പരിചയപ്പെടുത്തി ഡാനിക്ക്..

ഓടുന്ന ട്രെയിനിലെ, ഷെയിക്കായ, ലൈറ്റ് പെര്‍ഫെക്റ്റ് അല്ലാത്ത, ഈ പടത്തോളം ഭംഗിയുള്ള ഒരു ചിത്രം ഇതിനുമുന്‍പ് ഞാന്‍ എടുത്തിട്ടുണ്ടോ എന്ന് അറിയില്ല. ആ ഫ്രെയിമില്‍ എല്ലാം ഉണ്ടായിരുന്നു ഇഷ്ടം, പ്രണയം, കരുതല്‍, കൂട്ട്, കുടുംബം, അങ്ങനെ എല്ലാം. ഞാന്‍ ട്രെയ്‌നില്‍ നിന്ന് ഇറങ്ങുമ്പോഴും അവര്‍ ആ ഫോട്ടോ നോക്കി പരസ്പരം ചിരിക്കുന്നുണ്ടായിരുന്നു…’ എന്ന് പറഞ്ഞാണ് യുവതിയുടെ കുറിപ്പ് അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights