കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിച്ചു; മണിയൻപിള്ള രാജുവിന്റെ മകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. നിരഞ്ജ് ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. നിരഞ്ജ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമായ മസ്തിഷ്‌ക മരണത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി പോകുമ്പോഴാണ് നിരഞ്ജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. കെഎസ്ആര്‍ടിസി ബസുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. സിനിമയുടെ പ്രൊമോഷനായി കൊടുങ്ങല്ലൂരിലെ ഒരു കോളജിലേക്ക് പോകവേ ആണ് അപകടമുണ്ടായത്.
അഭിനേതാക്കള്‍ക്ക് പരിക്കുകള്‍ ഇല്ലെങ്കിലും വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം നടന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ‘വന്ന വഴിക്ക് വണ്ടി ഒന്ന് തട്ടി. എനിക്ക് കുഴപ്പം ഒന്നും ഇല്ല, വണ്ടിക്ക് നന്നായിട്ട് പ്രശ്‌നമുണ്ട്. ഞങ്ങളുടെ വണ്ടിയില്‍ വന്നിടിച്ചത് ഒരു കെഎസ്ആര്‍ടിസി ബസ് ആണ്. വളവ് തിരിഞ്ഞപ്പോള്‍ ബസ് വന്നു ഇടിക്കുകയായിരുന്നു. കുഴപ്പം ഒന്നും ഇല്ല.’- നിരഞ്ജ് മണിയന്‍പിള്ള രാജു പറഞ്ഞു.ദിവസങ്ങള്‍ക്ക് മുന്‍പാണ് തിരുവനന്തപുരത്ത് വെച്ച് മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഫെബ്രുവരി ആറിന് രാത്രി പത്ത് മണിയോടെ ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു സംഭവം. നടന്‍ ഓടിച്ചിരുന്ന കാര്‍ രണ്ട് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിന് ശേഷം മണിയന്‍പിള്ള രാജു വാഹനം നിര്‍ത്താതെ പോയതും വലിയ ചര്‍ച്ചയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനില്‍ ഹാജരായ മണിയന്‍പിള്ള രാജു, ഭയം കാരണമാണ് വാഹനം നിര്‍ത്താതെ പോയതെന്ന് വെളിപ്പെടുത്തിയിരുന്നു. അതേസമയം കൃഷാന്ദ് സംവിധാനം ചെയ്യുന്ന മസ്തിഷ്‌ക മരണത്തില്‍ രജിഷ വിജയനാണ് നായികയായെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights