തരുണ്‍ മൂര്‍ത്തി ചിത്രത്തിനായി താടി വടിച്ച മോഹന്‍ലാലിന്റെ ലുക്ക് ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കിയിരുന്നു. ലാലേട്ടന്‍ താടി വടിയ്ക്കുമോ എന്ന് ആലോചിച്ചിരുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് സര്‍പ്രൈസ് ആയാണ് മോഹന്‍ലാല്‍ തന്റെ താടി വടിച്ച ലുക്ക് പങ്കുവച്ചത്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പ്രതിഛായ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ചിന് എത്തിയതായിരുന്നു മോഹന്‍ലാല്‍. നിവിന്‍ പോളിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. നിവിനൊപ്പം ചിരിച്ചു കൊണ്ടിരിക്കുന്ന മോഹന്‍ലാലിനെയാണ് ഫോട്ടോയില്‍ കാണാനാവുക.
നിമിഷ നേരം കൊണ്ടാണ് ഇരുവരുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. അതേസമയം നിവിന്‍ പോളി, ബാലചന്ദ്രമേനോന്‍ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ബി ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് പ്രതിഛായ. സമകാലിക രാഷ്ട്രീയത്തിലെ ഉള്ളറകളികളിലേക്ക് വെളിച്ചം വീശുന്ന പ്രമേയമാണ് സിനിമയുടേതെന്ന് ട്രെയ്ലര്‍ സൂചിപ്പിക്കുന്നു.
കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പല സംഭവവികാസങ്ങളും സിനിമയിലുണ്ടെന്നാണ് ട്രെയ്ലറിലൂടെ മനസിലാകുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ആര്‍ഡി ഇലുമിനേഷന്‍സ് എല്‍എല്‍പിയുമാണ് ചിത്രം നിര്‍മിക്കുന്നത്.
ഷറഫുദ്ദീന്‍, ഹരിശ്രീ അശോകന്‍, മണിയന്‍പിള്ള രാജു, നീതു കൃഷ്ണ, ആന്‍ അഗസ്റ്റിന്‍, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗര്‍, ആര്‍ജെ വിജിത, സായ് കുമാര്‍, വൈശാഖ് ശങ്കര്‍, മേഖ തോമസ്, ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണന്‍, ചിലമ്പന്‍ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജസ്റ്റിന്‍ വര്‍ഗീസ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.









