കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ല് മുക്കി പാലക്കാടന്‍ മട്ടയെന്ന പേരില്‍ വില്‍പന; കണ്ടെത്തല്‍ സപ്ലൈ ഓഫീസര്‍ നടത്തിയ പരിശോധനയില്‍

 

പാലക്കാട്: പാലക്കാട് കര്‍ഷകരില്‍ നിന്ന് സംഭരിച്ച കോടികളുടെ നെല്ല് മുക്കി ബ്രാന്‍ഡ് ചെയ്ത് വില്‍പന. പാലക്കാട്ടെ മില്ലുകള്‍ നടത്തുന്നത് വന്‍ ക്രമക്കേടെന്ന് സപ്ലൈ ഓഫീസര്‍ നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ട് കണ്ടെത്തല്‍. മില്ലുടമകള്‍ക്ക് ഒത്താശ ചെയ്യുന്നത് സപ്ലൈകോ ജീവനക്കാരെന്നും കണ്ടെത്തി.

നെല്ല് സംഭരണത്തിന് പാലക്കാട് ജില്ലയില്‍ സപ്ലൈകോയുമായി സഹകരിക്കുന്നത് 56 മില്ലുകളാണ്. ഇതില്‍ അഞ്ചു മില്ലുകളില്‍ നടത്തിയ പരിശോധനയിലാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്. കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന നെല്ല്, മില്‍ ഉടമകള്‍ തമിഴ്‌നാട്ടിലെത്തിച്ച് പാലക്കാടന്‍ മട്ട എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് വില്‍പന നടത്തും. സംഭരിക്കുന്ന 100 കിലോ നെല്ലിന് 68 കിലോ അരി വീതമാണ് മില്ലുടമകള്‍ സപ്ലൈകോയ്ക്ക് തിരിച്ചുനല്‍കേണ്ടത്. ഇതിനായി ഗുണമേന്മയില്ലാത്ത അരി പഞ്ചാബ് ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച് പൊതുവിതരണ സംവിധാനത്തിന് നല്‍കും, ഇതാണ് മില്ലുകളുടെ രീതിയെന്നാണ് കണ്ടെത്തല്‍.

കരാര്‍ വ്യവസ്ഥ ലംഘിച്ചു, നെല്ലു സൂക്ഷിക്കാനുള്ള മാനദണ്ഡം പാലിച്ചില്ല, അനുവദിച്ച പരിധിയില്‍ കൂടുതല്‍ നെല്ല് സ്വീകരിച്ചു, മതിയായ ബാങ്ക് ഗ്യാരണ്ടി ഈടാക്കിയില്ല തുടങ്ങി ഗുരുതരമായ വീഴ്ചകളാണ് റിപ്പോര്‍ട്ടിലുള്ളത്. 600 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള 5 മില്ലുകള്‍ 27,881 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. ഇതില്‍ 45 കോടി രൂപ വില മതിക്കുന്ന 15951 മെട്രിക് ടണ്‍ നെല്ലിന്റെ കുറവാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights