എല്ലാവര്‍ക്കും നേറ്റിവിറ്റി കാര്‍ഡ്; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പുറത്തിറക്കുന്ന നേറ്റിവിറ്റി കാര്‍ഡിന് മന്ത്രിസഭയുടെ അംഗീകാരം. നിലവില്‍ വില്ലേജ് ഓഫിസില്‍ നിന്ന് ലഭിക്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായാണ് ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ് സര്‍ക്കാര്‍ നല്‍കുക. നടപ്പ് സമ്മേളനത്തില്‍ ബില്‍ നിയമസഭയില്‍ കൊണ്ടുവരാനാണ് ശ്രമം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നേറ്റിവിറ്റി കാര്‍ഡ് നല്‍കാനുള്ള തീരുമാനത്തില്‍ തുടര്‍ നടപടിയുണ്ടായത്.തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കാണ് കേരളത്തില്‍ ജനിച്ചവരാണെന്ന് ചൂണ്ടിക്കാട്ടിയുള്ള നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. മാതാപിതാക്കള്‍ കേരളത്തില്‍ ജനിച്ചവരാണെങ്കില്‍ സംസ്ഥാനത്ത് ജനിക്കാത്ത മക്കള്‍ക്കും നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. മാതാപിതാക്കളില്‍ ഒരാളോ രണ്ടു പേരോ കേരളത്തിന് പുറത്ത് ജനിച്ചവരും വിവാഹ ശേഷം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയവരുമാണെങ്കില്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ട്.സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന നേറ്റിവിറ്റി കാര്‍ഡിന് നിയമനിര്‍മാണം നടത്താന്‍ 20 കോടി രൂപ ബജറ്റില്‍ സര്‍ക്കാര്‍ നീക്കിവെച്ചിരുന്നു. എസ്.ഐ.ആര്‍ നടപ്പിലാക്കുന്നത് ന്യൂനപക്ഷങ്ങളില്‍ ഉള്‍പ്പെടെ വലിയ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് തലമുറകളായി കേരളത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ ആശങ്ക പരിഹരിക്കാന്‍ സംസ്ഥാനം നേറ്റിവിറ്റി കാര്‍ഡ് എന്ന രേഖ നല്‍കുന്നതെന്നാണ് ബജറ്റില്‍ വിശദീകരിച്ചത്. ഫോട്ടോ പതിച്ച കാര്‍ഡ് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഗുണഭോക്തൃ തിരിച്ചറിയില്‍ രേഖയായും ഉപയോഗിക്കാം. കാര്‍ഡിന്റെ വിതരണ ചുമതല തഹസില്‍ദാര്‍മാര്‍ക്കായിരിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights