ജെസിബി മണ്ണ് നീക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചു, പാനൂരില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്ക്

കണ്ണൂര്‍: പാനൂര്‍ മേഖലയില്‍ വീണ്ടും ബോംബ് സ്ഫോടനം. പാനൂരിലെ സെന്‍ട്രല്‍ പൊയിലൂര്‍ മേപ്പാട്ട് വീട് പുനര്‍നിര്‍മ്മാണത്തിനായി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടയില്‍ ആണ് സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ കൊളവല്ലൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

മണ്ണ് ശേഖരിക്കാനെത്തിയ ടിപ്പര്‍ ലോറി ഡ്രൈവര്‍ സുമിത് ലാലിനാണ് സ്ഫോടനത്തില്‍ ബോംബിന്റെ ചീള് തെറിച്ച് പരിക്കേറ്റത്. ഇയാളെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.

മണ്‍പൊത്തില്‍ ഒളിച്ചു വെച്ച ബോംബാണ് പൊട്ടിത്തെറിച്ചെതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ സ്ഫോടക വസ്ഥുക്കള്‍ സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാന്‍ പൊലീസ് തിരിച്ചില്‍ ഊര്‍ജിതമാക്കി. കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. പാനൂര്‍ , കൊളവല്ലൂര്‍ പൊലീസ് പ്രദേശത്ത് ബോംബുകള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയൊന്നും കണ്ടെത്താനായില്ല പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights