തിരുവനന്തപുരം: ഭാവിയിൽ ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിത പേരു നൽകാൻ പാടില്ലെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനം. കേരള പബ്ലിക് സർവീസ് കമീഷൻ, യൂണിയൻ പബ്ലിക് സർവീസ് കമീഷൻ, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, ബാങ്കിങ് സർവീസ് കമീഷൻ എന്നീ ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷകൾക്കും വിവിധ കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷകൾ മുതലായവയ്ക്ക് സൗജന്യ പരിശീലനം നൽകുന്ന ട്രെയിനിങ് സെന്ററുകളുണ്ട്. ധാരാളം കുടിയേറ്റ കർഷകരുള്ള മലയോര പ്രദേശമായ കണ്ണൂരും ഇടുക്കിയിലും കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും ധാരാളം മത്സ്യത്തൊഴിലാളികൾ അധിവസിക്കുന്ന എറണാകുളത്തും, തിരുവനന്തപുരത്തുമുള്ള തീരപ്രദേശങ്ങളിലും ഇത്തരം ട്രെയിനിങ് ഉപകേന്ദ്രങ്ങൾ സ്ഥാപിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.പരിവർത്തിത ക്രൈസ്തവ കോർപറേഷന് കണ്ണൂർ ജില്ലയിൽ ഓഫീസ് ആരംഭിക്കും. കമ്മ്യൂണിറ്റി ക്വോട്ടയിലെ സീറ്റുകളിൽ മെറിറ്റ് അടിസ്ഥാനമാക്കി പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ലഭിച്ചിരുന്ന ഇ-ഗ്രാന്റ് സ്കോളർഷിപ്പുകൾ പുനഃസ്ഥാപിച്ചു നൽകും.
ക്ഷേമ പെൻഷൻ 1,600 രൂപയിൽ നിന്ന് 2000 രൂപ ആക്കി വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഗവൺമെന്റ് ഗ്രാന്റായി ഓർഫനേജുകൾക്കും അന്തേവാസികൾക്കും നൽകി വന്ന തുക ആനുപാതികമായി വർദ്ധിപ്പിച്ച് 1100 രൂപയിൽ നിന്ന് 1375 രൂപയിലേക്ക് ഉയർത്തി.
ഒഇസി ലിസ്റ്റിൽ ഉൾപ്പെടുന്നതിനാൽ ജാതി അടിസ്ഥാനത്തിൽ ലഭിക്കുന്ന സ്റ്റൈപ്പന്റും ലംപ്സം ഗ്രാന്റും സ്കോളർഷിപ്പ് അല്ല എന്നു വ്യക്തമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കും.കേരള ലാൻഡ് ഡെവലപ്പ്മെന്റ്റ് കോർപ്പറേഷൻ ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടറായി ബീന ലളിതയെ നിയമിക്കും
കൃഷിനാശത്തിന് 5 കോടി രൂപ
ഇടുക്കി ജില്ലയിലെ ഏലം കൃഷിക്കുണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായി 5 കോടി രൂപ ഇടുക്കി പാക്കേജിൻ്റെ മാർഗ്ഗരേഖയിൽ ഇളവ് നൽകിക്കൊണ്ട് അനുവദിച്ചു. ഫണ്ട് അടിയന്തരമായി കൃഷി വകുപ്പിന് നൽകണമെന്ന വ്യവസ്ഥയിലാണ് അനുമതി നൽകിയത്.
എയ്‌ഡഡ് പദവി
ചെർക്കള മാർത്തോമ്മാ ബധിര വിദ്യാലയത്തിലെ ഹയർ സെക്കൻ്ററി വിഭാഗത്തിന് 2026-27 അധ്യയന വർഷം മുതൽ എയ്‌ഡഡ് പദവി നൽകി. കാസർഗോഡ് ജില്ലയിലെ ഏക ബധിര ഹയർ സെക്കൻഡറി വിദ്യാലയം എന്ന നിലയിലും വിദ്യാർത്ഥികളുടെ ക്ഷേമം മുൻനിർത്തിയുമാണിത്.
മൂന്ന് എച്ച്.എസ്.എസ്.റ്റി (ജൂനിയർ) തസ്തികകളും മൂന്ന് എച്ച്.എസ്.എസ്.റ്റി തസ്തികകളും സൃഷ്ടിച്ച് സ്ഥിര നിയമനം നടത്തുന്നതിന് മാനേജർക്ക് അനുമതി നൽകി.
പി.എസ്.സി അംഗം
പുതിയ പി.എസ്.സി അംഗമായി ഐ.ഷിഹാബ്‌ദിനെ നിയമനിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. കായംകുളം കോട്ടുകുളങ്ങര സ്വദേശിയാണ് ഇദ്ദേഹം.
ടെണ്ടർ
“ASE Protection wall towards south of Jussa road – ASE Urgent construction of Protection between Jussa road to Lana road in Shanghumukham in Thiruvananthapuram Corporation ” എന്ന പ്രവൃത്തിക്കായി 2,46,75,091/- രൂപയുടെ ടെണ്ടർ അംഗീകരിച്ചു.









