റിയാദ്ന്മ ഉംറ തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പ്രവാസി മലയാളികള്‍ സൗദി അറേബ്യയില്‍ മരിച്ചു. ഹോത്ത ബനീ തമീമില്‍ താമസിക്കുന്ന പത്തനാപുരം സ്വദേശിനി ഷീബ, ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂര്‍ സ്വദേശിയുമായ ഇസ്മായില്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ച ഒരു മണിയോടെ ഇവര്‍ സഞ്ചരിച്ച ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം നഷ്ടമായി എതിര്‍വശത്തെ റോഡില്‍ ഇടിച്ചുമറിയുകയായിരുന്നു. റിയാദില്‍ നിന്ന് 500 കിലോമീറ്ററോളം ദൂരെയുള്ള ഹോത്ത ബനീ തമീം – മക്ക റോഡിലെ മഹ്ലൂമിയ എന്ന സ്ഥലത്ത് വിജനമായ പ്രദേശത്ത് വെച്ചാണ് അപകടം നടന്നത്.
പരുക്കേറ്റ 18 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇതില്‍ എട്ടുപേര്‍ മലയാളികളാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ വയനാട് വെള്ളമുണ്ട സ്വദേശി ഹാരിസിനെ വിദഗ്ധ ചികിത്സയ്ക്കായി ത്വാഇഫ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച രാവിലെ 5 മണിയോടെ ഹോത്ത ബനീ തമീമില്‍ നിന്നുമായിരുന്നു 50 ഓളം പേരടങ്ങുന്ന തീര്‍ഥാടക സംഘം സ്വകാര്യ ഉംറ തീര്‍ഥാടക ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കുന്നതിനായി പുറപ്പെട്ടത്. യാത്രക്കിടെ ഹരീഖ് പട്ടണത്തിലെത്തി സുബഹി നമസ്‌കാരം നിര്‍വഹിച്ചിരുന്നു. യാത്ര തുടര്‍ന്നു. ബസിന്റെ ബ്രേക്കിന് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒരു വര്‍ക്ക്‌ഷോപ്പില്‍ കയറ്റി അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. ഇതിന് ശേഷം യാത്ര തുടരുന്നതിനിടെയാണ് മഹ്ലൂമിയയില്‍ വെച്ച് ബസിന്റെ പിന്‍വശത്തെ രണ്ട് ടയറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിര്‍ദിശയിലുള്ള റോഡിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. മറിഞ്ഞ ബസിന്റെ മുന്‍വശവും, മേല്‍ഭാഗവും പൊട്ടിപ്പൊളിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ പൊളിഞ്ഞുപോയ ഭാഗത്തു കൂടെ പുറത്തേക്ക് തെറിച്ചു വീണ് സാരമായി പരുക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. ബസിനുള്ളില്‍ ഉണ്ടായിരുന്ന മിക്ക യാത്രക്കാരും അപകടം നടക്കുമ്പോള്‍ ഉറക്കത്തിലായിരുന്നു. ബസിന്റെ പൊട്ടിപ്പൊളിഞ്ഞു മാറിയ ഭാഗങ്ങളിലൂടെയാണ് മറ്റ് യാത്രക്കാര്‍ പുറത്തിറങ്ങാനായത്.
ബസിനു പുറത്തെത്തിയവര്‍ ചേര്‍ന്നാണ് ബാക്കിയുള്ളവരെ പുറത്തെത്തിച്ചത്. സംഭവം അറിഞ്ഞയുടനെ തന്നെ പാഞ്ഞെത്തിയ പൊലീസും റെഡ് ക്രസന്റും, ജീവന്‍രക്ഷാ ആംബുലന്‍സുകളും എത്തി രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. യാത്രക്കാരില്‍ ഒട്ടുമിക്ക പേര്‍ക്കും പരിക്കുപറ്റി. തീര്‍ഥാടക സംഘത്തില്‍ മലയാളികള്‍ക്ക് പുറമെ ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ബംഗ്ലാദേശ് സ്വദേശികളും ഉണ്ട്.









