തിയറ്ററിൽ നിറഞ്ഞ കയ്യടി, രാജേഷ് മാധവന്റെ ‘പെണ്ണും പൊറാട്ടും’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

നടന്‍ രാജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘പെണ്ണും പൊറാട്ടും’. ചലച്ചിത്ര മേളകളിലും തിയറ്ററുകളിലും മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിയത്. നൂറിലധികം പുതുമുഖങ്ങളും നാനൂറിലധികം പക്ഷി- മൃഗാദികളും അണിനിരക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇപ്പോഴിതാ ഹിറ്റ് ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്.

നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. മാര്‍ച്ച് 13 മുതല്‍ ഒടിടിയിലൂടെ ചിത്രം കാണാനാകും. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളില്‍ പ്രേക്ഷകര്‍ക്ക് ചിത്രം കാണാനാകും. സാമൂഹിക- ആക്ഷേപ ഹാസ്യം എന്ന ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
പട്ടട എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഗോപാലന്‍ മാസ്റ്റര്‍, ചാരുലത, ബാബുരാജ്, ബാബുരാജിന്റെ നായ സുട്ടു എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധവും ചിത്രത്തിന്റെ ഇതിവൃത്തത്തിന്റെ ഭാഗമാണ്. ചിത്രത്തിലെ സുട്ടു എന്ന നായയും മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ തന്നെ മികച്ച ഒരു ചലച്ചിത്രാനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ സംവിധായകന്‍ രാജേഷ് മാധവന് ആയിട്ടുണ്ട്. സബിന്‍ ഊരാളിക്കണ്ടിയുടെ ഛായാഗ്രഹണവും ചമന്‍ ചാക്കോയുടെ എഡിറ്റിങും ഡോണ്‍ വിന്‍സെന്റ് ഒരുക്കിയ സംഗീതവും പെണ്ണും പൊറാട്ടും സിനിമയില്‍ കയ്യടി നേടിയിരുന്നു. സന്തോഷ് ടി കുരുവിളയുടെ എസ് ടി കെ ഫ്രെയിംസ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഒടിടിയിലും ചിത്രം മികച്ച അഭിപ്രായം നേടുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights