തിരുവനന്തപുരം : ഭാര്യ ബിന്ദു മേനോന്റെ കമ്പനിക്കു സര്‍ക്കാര്‍ ഓര്‍ഡറുകള്‍ കിട്ടിത്തുടങ്ങിയത് 2023ല്‍ ഗണേഷ്‌കുമാര്‍ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകള്‍. 2019ലാണ് മിഡ്‌നൈറ്റ് സണ്‍ ഗ്ലോബല്‍ എന്ന കമ്പനി തുടങ്ങിയതെങ്കിലും കെ.ബി.ഗണേഷ്‌കുമാര്‍ 2021 ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സത്യവാങ്മൂലത്തില്‍ ഭാര്യയുടെ പേരിലുള്ള ഈ കമ്പനിയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ദുബായില്‍ അവര്‍ക്കുള്ള കമ്പനിയുടെ വിവരങ്ങള്‍ നല്‍കിയിട്ടുമുണ്ട്.
മന്ത്രിപത്‌നിക്കു മറ്റു ചില സര്‍ക്കാര്‍ വകുപ്പുകളിലും ഇത്തരത്തില്‍ കരാറുകള്‍ ലഭിച്ചെന്നും സൂചനയുണ്ട്. കൃഷിവകുപ്പിനു വിവിധ പദ്ധതികളില്‍ ആവശ്യമായ ചെടിച്ചട്ടി നല്‍കാന്‍ തയാറാണെന്നും ഇതേ കമ്പനി കത്തു നല്‍കിയിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല. കേരഫെഡില്‍ നിന്നു 2025ല്‍ ജനുവരി മൂന്നിന് 13.92 ലക്ഷത്തിന്റെ വെളിച്ചെണ്ണ കമ്പനി വാങ്ങിയതിന്റെ വിവരങ്ങള്‍ ജിഎസ്ടി രേഖകളിലുണ്ട്. ജനുവരിയിലും മാര്‍ച്ചിലുമായി 43.98 ലക്ഷത്തിന്റെ ഇടപാടുകള്‍ മില്‍മയുമായും നടന്നിട്ടുണ്ട്.









