മൊറാദാബാദ്: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്നുള്ള എഞ്ചിനീയറായ ഹര്‍ദിക് ജോലിസ്ഥലത്ത് അമ്മ നീലിമയെ സന്ദര്‍ശിച്ച ശേഷം പറഞ്ഞു, ‘വരൂ നമുക്ക് വീട്ടില്‍ പോകാം, ഒരു സര്‍പ്രൈസുണ്ട്’. അതൊരു മാരകമായ സര്‍പ്രൈസ് ആയിരുന്നു. വീട്ടിലെത്തിയപ്പോള്‍ നീലിമ കണ്ടത് മകള്‍ ഹിമാഷിക രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ്.. ഇത് കണ്ട അലറിവിളിച്ച നീലിമയേയും ഹര്‍ദിക് ആക്രമിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട ഒരു സ്ത്രീയുമായി പ്രണയത്തിലായ പ്രതി, ബന്ധം തകരാന്‍ കാരണം തന്റെ അമ്മയും സഹോദരിയുമാണെന്ന് വിശ്വസിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇതിന്റെ ദേഷ്യം ഒടുവില്‍ ക്രൂരമായ ആക്രമണമായി മാറി, അത് കുടുംബത്തെ തകര്‍ത്തു.കുറച്ചുകാലമായി ഗുരുഗ്രാമില്‍ എന്‍ജിനീയര്‍മാരായി ജോലി ചെയ്തു വരികയായിരുന്ന ഹര്‍ദിക്കും ഹിമാന്‍ഷികയും. ഇരട്ടകളാണ് ഇവരും. ഹിമാഷിക എം.ബി.എ പഠനവും നടത്തിയിരുന്നു. ഹാര്‍ദിക് ഒന്നര വര്‍ഷം മുന്‍പ് വരെ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് ജോലി ഉപേക്ഷിച്ചു. പിന്നീട് സാമൂഹിക മാധ്യമങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.അടുത്ത കാലത്തായി ഹര്‍ദിക്കിന്റെ പെരുമാറ്റത്തില്‍ മാറ്റമുണ്ടെന്ന് കുടുംബം പറയുന്നു. രാത്രി വൈകുവോളം അയാള്‍ മൊബൈല്‍ ഫോണില്‍ ചാറ്റ് ചെയ്തിരിക്കുമെന്നാണ് കുടുംബം പറയുന്നത്.
പോലീസ് അന്വേഷണത്തില്‍, ഹര്‍ദിക് പുണെയില്‍ നിന്നുള്ള ഒരു സ്ത്രീയുമായി സോഷ്യല്‍ മീഡിയ വഴി സൗഹൃദം സ്ഥാപിക്കുകയും അവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നുവെന്നും കണ്ടെത്തി. ഇതിനെ സഹോദരിയും അമ്മയും എതിര്‍ത്തിരുന്നു. ഈ ബന്ധം പിന്നീട് തകരുകയും ചെയ്തു.മാര്‍ച്ച് 6-ന് വൈകുന്നേരം ഇതുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ തമ്മില്‍ ചര്‍ച്ച നടന്നു, അത് ഒരു വാഗ്വാദമായി മാറുകയും ചെയ്തു.തര്‍ക്കത്തിനിടെ ദേഷ്യത്തില്‍ ഹര്‍ദിക് കത്തി എടുത്ത് സഹോദരിയെ ആക്രമിച്ചു. പരിക്കേറ്റ ഹിമാഷിക മരിക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ഹിമാഷികയുടെ ശരീരത്തില്‍ 84 കുത്തേറ്റ പാടുകള്‍ കണ്ടെത്തി.ഹിമാഷികയെ കൊലപ്പെടുത്തിയതിന് ശേഷം ഹര്‍ദിക് തന്റെ അമ്മയെ ജോലിസ്ഥലത്ത് സന്ദര്‍ശിച്ച് ഒരു സര്‍പ്രൈസ് ഉണ്ടെന്ന് പറയുകയും വീട്ടിലേക്ക് എത്തിക്കുകയുമായിരുന്നു. ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു നീലിമ. അവരേയും ഹര്‍ദിക് അക്രമിച്ചിരുന്നു. നീലിമ ഇപ്പോള്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ പറഞ്ഞു.








