പട്ടികയില്‍ മാറ്റം ഉണ്ടാവില്ല, പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍; സുധാകരന്റെ സ്ഥാനാര്‍ഥിത്വം തള്ളി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് കെ സുധാകരന്റെ സമ്മര്‍ദ്ദത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഴങ്ങി കണ്ണൂരില്‍ അദ്ദേഹത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയേക്കും എന്ന സൂചനകള്‍ അഭ്യൂഹം മാത്രമാണെന്ന് കോൺ​ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അന്തിമമാക്കിയ ഒരു പട്ടികയില്‍ മാറ്റം വരുമെന്ന് താന്‍ കരുതുന്നില്ലെന്നും സുധാകരന്റെ പേര് പരാമര്‍ശിക്കാതെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാധ്യമങ്ങളോട് പറഞ്ഞു.’കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അന്തിമമാക്കിയ ഒരു പട്ടികയില്‍ മാറ്റം വരുത്തണമെങ്കില്‍ ഒരുപാട് പ്രോസസ് വേണ്ടി വരും. നേതാക്കന്മാര്‍ അനുമതി വാങ്ങേണ്ടതായി വരും. വളരെ കാലത്തെ പാമ്പര്യമുള്ള ആള്‍ എന്ന നിലയില്‍ അത്തരത്തിലുള്ള ഒരു സാധ്യത ഞാന്‍ കാണുന്നില്ല. രാഷ്ട്രീയം സാധ്യതകളുടെ ഒരു കലയായത് കൊണ്ട് എന്തും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പക്ഷേ എന്തെങ്കിലും സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഒാരോ ചാനലുകള്‍ ഓരോ വാര്‍ത്തകള്‍ കൊടുക്കുന്നുണ്ട്. ഇതെല്ലാം അഭ്യൂഹം മാത്രമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.’- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.’കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പാസാക്കിയ പട്ടിക ഞങ്ങള്‍ ആരും കണ്ടിട്ടില്ല. നിങ്ങള്‍ക്കും അതിനെ കുറിച്ച് ഒരു വിവരവും ഇല്ല. സ്വാഭാവികമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പാസാക്കിയ പട്ടിക റദ്ദാക്കുകയോ റീഓപ്പണ്‍ ചെയ്യുകയോ ചെയ്യണമെങ്കില്‍ അവരുടെ അനുമതി വാങ്ങേണ്ടി വരില്ലേ. ഞാന്‍ അതിനുള്ള സാധ്യത കാണുന്നില്ല. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. കോണ്‍ഗ്രസിന്റെ പരമോന്നത നേതാവ് പ്രസിഡന്റ് ആണ്. അദ്ദേഹത്തിന്റെ മുന്നിലിരിക്കുന്ന വിഷയത്തില്‍ എന്തെങ്കിലും ആധികാരികമായി പറയാന്‍ ഞാന്‍ ആളല്ല’- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights