മുത്തയ്യ മുരളീധരന്റെ മാന്ത്രിക സ്പിൻ നേരിട്ട് സഞ്ജു സാംസൺ; പിന്നിൽ കീപ്പർ ​ഗ്ലൗ അണിഞ്ഞ് ധോനി! പിന്നെ കണ്ടത്…

ചെന്നൈ: ആരാധകര്‍ക്കായി സഞ്ജു സാംസണ്‍ പാഡും ഗ്ലൗസും അണിഞ്ഞ് കളിക്കാനിറങ്ങിയപ്പോള്‍ മറുഭാഗത്ത് പന്തെറിഞ്ഞത് ഇതിഹാസ ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍. കീപ്പറായി പിന്നില്‍ ധോനിയും നിന്നു.

ടീമിനായി കിരീട നേട്ടങ്ങള്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായ ഇതിഹാസങ്ങളെ വീണ്ടും അണിനിരത്തി ചെന്നൈ സൂപ്പര്‍ കിങ്സ്. ഐപിഎല്‍ പുതിയ സീസണിനു മുന്നോടിയായി ആരാധകര്‍ക്കായി ഹോം മൈതാനമായ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് സിഎസ്‌കെ ഇതിഹാസ താരങ്ങളെ വീണ്ടും കളത്തിലെത്തിച്ചത്. ഒപ്പം മലയാളി താരവും ലോകകപ്പ് ഹീറോയുമായ സഞ്ജു സാംസണും മുന്‍ ക്യാപ്റ്റനും 44ാം വയസിലും സിഎസ്‌കെ ജേഴ്സിയില്‍ കളിക്കുന്ന ഇതിഹാസവുമായ എംഎസ് ധോനി അടക്കമുള്ളവരും ഗ്രൗണ്ടിലെത്തി.
മുത്തയ്യ മുരളീധരന്റെ ആദ്യ പന്ത് സഞ്ജു ലെഗ് സൈഡിലേക്ക് തഴുകി വിട്ടു. രണ്ടാം പന്തില്‍ കയറി അടിക്കാന്‍ നോക്കിയ സഞ്ജുവിനെ ധോനി സ്റ്റംപ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ധോനിക്ക് പിഴച്ചു. മൂന്നാം പന്ത് സഞ്ജുവിനു തൊടാന്‍ സാധിച്ചില്ല. എന്നാല്‍ നാലാം പന്തില്‍ സഞ്ജു മുത്തയ്യ മരുളീധരനെ സിക്സര്‍ പറത്തുകയും ചെയ്തു. ഇതിഹാസ താരങ്ങള്‍ക്കൊപ്പം സൂപ്പര്‍ താരം സഞ്ജു ചേര്‍ന്ന നിമിഷത്തിന്റെ വിഡിയോ വൈറലായി മാറി.

മുത്തയ്യക്കൊപ്പം മുന്‍ സിഎസ്‌കെ താരങ്ങളായ മാത്യു ഹെയ്ഡന്‍, മൈക്ക് ഹസി, ഡ്വയ്ന്‍ ബ്രാവോ, മുരളി വിജയ്, പാര്‍ഥിവ് പട്ടേല്‍, എസ് ബദരിനാഥ്, സുരേഷ് റെയ്‌ന അടക്കമുള്ള താരങ്ങള്‍ മഞ്ഞ ജേഴ്‌സിയില്‍ വീണ്ടും ഗ്രൗണ്ടിലെത്തി. ചടങ്ങില്‍ ടി20 ലോകകപ്പ് കിരീടം നേടിയ സഞ്ജു സാംസണ്‍, ശിവം ദുബെ എന്നിവരെ ടീം ആദരിച്ചു. ഒപ്പം അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ടീമിനെ നയിച്ച ആയുഷ് മാത്രെയേയും ആദരിച്ചു. മൂവര്‍ക്കും ധോനി പുരസ്‌കാരം നല്‍കി.

ചടങ്ങിനിടെ സഞ്ജു പഞ്ച് തമിഴ് ഡയലോഗ് പറഞ്ഞും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. മാക്‌സിമം സിക്‌സടിക്കണം, തട്രോം തൂക്കറോം- എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. ഈ ഡയലോഗ് പറഞ്ഞതോടെ ആരാധകര്‍ വലിയ ആവേശത്തോടെയാണ് താരത്തിന്റെ വാക്കുകളോട് പ്രതികരിച്ചത്.
ഐപിഎല്ലില്‍ എന്തു തരത്തിലായിരിക്കും ബാറ്റ് വീശുക എന്നായിരുന്നു സഞ്ജുവിനോടുള്ള ചോദ്യം. ഇതിനാണ് താരം തമിഴില്‍ മറുപടി നല്‍കിയത്. സമീപനം ലളിതമാണ്. പന്ത് നോക്കി മാക്‌സിമം സിക്‌സടിക്കണം എന്നായിരുന്നു മറുപടി.

സീസണിനു മുന്നോടിയായാണ് രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്ന സഞ്ജുവിനെ ചെന്നൈ 18 കോടിയ്ക്ക് സ്വന്തമാക്കിയത്. മെഗാ ലേലത്തിനു മുന്നേ തന്നെ താരത്തെ ടീം സ്വന്തമാക്കിയിരുന്നു. രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെയാണ് സഞ്ജുവിനായി ചെന്നൈ രാജസ്ഥാനു വിട്ടു നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights