യുദ്ധം തുടങ്ങിയ ശേഷം മകന്റെ വിളിയെത്തിയില്ല; ആശങ്കയോടെ എടയൂര്‍കുന്നിലെ ഒരു കുടുംബം

മാനന്തവാടി: യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന യുദ്ധഭൂമിയില്‍ നിന്നും മകന്റെ ഒരു ഫോണ്‍ കോളിനോ സന്ദേശത്തിനോ വേണ്ടി കണ്ണീരോടെ കാത്തിരിക്കുകയാണ് കാട്ടിക്കുളം എടയൂര്‍കുന്ന് തൂവശ്ശേരി ഷംസുദ്ദീനും കുടുംബവും.കപ്പലിലെ ഇന്റേണ്‍ഷിപ്പിനായി ഇറാനിലേക്ക് പോയ ഇരുപതുകാരനായ ഫാദുഷ ഫര്‍ഹാനെക്കുറിച്ച് ആഴ്ചകളായി വിവരമൊന്നുമില്ലാത്തതാണ് ഈ കുടുംബത്തെ ആശങ്കയിലാഴ്ത്തുന്നത്.
ജെയ്പുര്‍ രുദ്രാക്ഷ് ഷിപ്പിങ് സര്‍വീസിലെ ജി.പി. റൈറ്റിങ് കോഴ്‌സിന്റെ ഭാഗമായാണ് എട്ടുമാസം മുമ്പ് ഫാദുഷ ഇന്റേണ്‍ഷിപ്പിന് പോയത്. കഴിഞ്ഞ ഫെബ്രുവരി 27നാണ് ഫാദുഷ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ജോലി ചെയ്യുന്ന കപ്പലില്‍ തുര്‍ക്കിയിലേക്ക് ചരക്ക് കയറ്റിയിട്ടുണ്ടെന്നും ഉടന്‍ യാത്ര പുറപ്പെടുമെന്നുമാണ് അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ പിറ്റേദിവസം യുദ്ധം തുടങ്ങിയതോടെ പിന്നീട് യാതൊരു വിവരവും ലഭ്യമല്ലെന്ന് മാതാവ് റഹ്‌യാനത്ത് പറയുന്നു.മെയ് ആറിന് നാട്ടില്‍ തിരിച്ചെത്തേണ്ടതായിരുന്നു ഫാദുഷ. നേരത്തെ ഇറാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടപ്പോള്‍ 28 ദിവസത്തോളം ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അന്ന് ജോലി നിര്‍ത്തി വരാന്‍ ആവശ്യപ്പെട്ടെങ്കിലും കപ്പലിലായതിനാല്‍ സുരക്ഷിതനാണെന്നായിരുന്നു ഫാദുഷയുടെ മറുപടി.’ജീവിക്കാന്‍ അവിടെ പ്രശ്‌നമൊന്നുമില്ലെന്നാണ് അവന്‍ അവസാനമായി പറഞ്ഞത്. കപ്പലില്‍ ആയതുകൊണ്ട് സുരക്ഷിതനാണെന്ന് കരുതി. പക്ഷേ യുദ്ധം തുടങ്ങിയ ശേഷം ഒരു വിവരവുമില്ല. മകന്‍ എങ്ങനെയെങ്കിലും സുരക്ഷിതനായി തിരിച്ചെത്തിയാല്‍ മതി’ പിതാവ് ഷംസുദ്ദീന്‍ പറഞ്ഞു.മകനെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ഒ.ആര്‍. കേളു, സുരേഷ് ഗോപി എം.പി എന്നിവര്‍ക്ക് ഷംസുദ്ദീന്‍ നിവേദനം നല്‍കിയിട്ടുണ്ട്. കാട്ടിക്കുളം ടൗണില്‍ ഉണക്കമീന്‍ കച്ചവടം നടത്തുന്ന ഷംസുദ്ദീനും കുടുംബവും ഇപ്പോള്‍ മകന്റെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights