കൊച്ചി: ടൊവിനോ ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ നിര്‍മാതാക്കള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കോടികള്‍ കടം വാങ്ങി വഞ്ചിച്ചെന്നാണ് നിര്‍മാതാക്കളായ നൗഫല്‍ അഹമ്മദ്, ബ്രിജീഷ് മുഹമ്മദ് എന്നിവര്‍ക്കെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്. ദുബൈ വ്യവസായി സുനില്‍ അഗര്‍വാള്‍ ആണ് സാമ്പത്തിക തട്ടിപ്പില്‍ പരാതി നല്‍കിയിരിക്കുന്നത്.
പരാതിയില്‍ ദുബൈയില്‍ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നുണ്ടെന്നും വ്യാജ പാസ്‌പോര്‍ട്ടിലാണ് ഇരുവരും ഇന്ത്യയിലേക്ക് കടന്നതെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. പ്രതികള്‍ക്കെതിരെ കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസെടുക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയിലുണ്ട്.
ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ പള്ളിച്ചട്ടമ്പി സിനിമയുടെ റിലീസ് തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നൗഫല്‍ അഹമ്മദിനും ബ്രിജീഷ് മുഹമ്മദിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജി തിങ്കളാഴ്ച പരി?ഗണിക്കും. ഡിജോ ജോസ് ആന്റണി ആണ് പള്ളിച്ചട്ടമ്പി സംവിധാനം ചെയ്യുന്നത്. പീരിയഡ് ഡ്രാമ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ കയാദു ലോഹറാണ് നായികയായെത്തുന്നത്.
വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫല്‍, ബ്രിജീഷ് എന്നിവര്‍ക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റര്‍ടെയ്ന്‍മെന്റ് എന്ന ബാനറില്‍ ചാണക്യ ചൈതന്യ ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇന്നലെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തിയത്.
ഏപ്രില്‍ പത്തിന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ അഞ്ചു ഭാഷകളില്‍ ആണ് ചിത്രമെത്തുക. വിജയരാഘവന്‍, സുധീര്‍ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്‌സ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.









