ഹരിത തെരഞ്ഞെടുപ്പ് സന്ദേശവുമായി പ്ലാസ്റ്റിക് മാന്‍

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ശുചിത്വ മിഷന്‍ ഒരുക്കിയ പ്ലാസ്റ്റിക് മാന്‍ ശ്രദ്ധേയമാകുന്നു. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് വോട്ടര്‍മാരിലും ഉദ്യോഗസ്ഥരിലും അവബോധം സൃഷ്ടിക്കാനാണ് വേറിട്ട പ്രചാരണ പരിപാടി സംഘടിപ്പിച്ചത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും കവറുകളും ശരീരമാസകലം തുന്നിച്ചേര്‍ത്ത വസ്ത്രം ധരിച്ചാണ് പ്ലാസ്റ്റിക് മാന്‍ ഹരിത സന്ദേശവുമായി പൊതുജനങ്ങള്‍ക്കിടയിലേക്ക് എത്തുന്നത്. ഓരോരുത്തരും പ്രകൃതിയിലേക്ക് തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എങ്ങനെയാണ് നമ്മുടെ ജീവിതത്തെയും പരിസ്ഥിതിയെയും വരിഞ്ഞുമുറുക്കുന്നത് എന്നതിന്റെ ജീവിക്കുന്ന പ്രതീകമായാണ് പ്ലാസ്റ്റിക് മാന്‍. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണത്തിനായി പ്ലാസ്റ്റിക്, ഫ്ളക്സ് എന്നിവയ്ക്ക് പകരം തുണി, കടലാസ് തുടങ്ങിയ പുനരുപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ മാത്രം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ ഹരിത തെരഞ്ഞെടുപ്പ് ക്യാമ്പയിനിലൂടെ ശുചിത്വ മിഷന്‍ ലക്ഷ്യമിടുന്നത്. പോളിങ് സ്റ്റേഷനുകളില്‍ ഹരിത ചട്ടം പാലിച്ച് ഡിസ്പോസിബിള്‍ പാത്രങ്ങളും പ്ലാസ്റ്റിക് കുപ്പികളും പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള ബോധവത്കരണവും നടത്തുന്നു. ജില്ലയിലെ പ്രധാന ബസ് സ്റ്റാന്‍ഡുകള്‍, ചന്തകള്‍, വിദ്യാലയങ്ങള്‍, തെരഞ്ഞെടുപ്പ് ഓഫീസുകള്‍ എന്നിവിടങ്ങളെല്ലാം പ്ലാസ്റ്റിക് മാന്‍ സന്ദര്‍ശിക്കുന്നുണ്ട്. ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനൊപ്പം പ്ലാസ്റ്റിക് കുറയ്ക്കുന്നതിനെക്കുറിച്ച് ലളിതമായ ക്ലാസുകളും പ്ലാസ്റ്റിക് മാന്‍ നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights