‘കിട്ടാനുള്ളത് 32 ലക്ഷം രൂപ; ജീവിക്കാന്‍ വല്ലാതെ പാടുപെടുകയാണ്’: ടി സിദ്ദിഖിന് മുമ്പില്‍ കുടുംബം നേരിട്ട പ്രതിസന്ധികള്‍ പറഞ്ഞ് ബ്രഹ്‌മഗിരി തട്ടിപ്പിനിരയായ ഫൗസിയ ബാനു

മേപ്പാടി: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന് മുമ്പില്‍ പണം ലഭിക്കാത്തത് മൂലം നേരിട്ട പ്രതിസന്ധികളും പ്രശ്‌നങ്ങളും പറഞ്ഞ് സി പി എം നിയന്ത്രണത്തിലുള്ള ബ്രഹ്‌മഗിരി തട്ടിപ്പിനിരയായ കുടുംബം. സി പി എമ്മിന് വോട്ടില്ലെന്ന് വീടിന് മുമ്പില്‍ ബോര്‍ഡ് സ്ഥാപിച്ച ബ്രഹ്‌മഗിരി തട്ടിപ്പിനിരയായ മേപ്പാടി മൂപ്പൈനാട് ടൗണിലെ ഇബ്രാഹിമിന്റെ ഭാര്യ ഫൗസിയ ബാനുവാണ് പണം തിരികെ കിട്ടാതെ വന്നതോടെ അനുഭവിച്ച പ്രയാസങ്ങളെ കുറിച്ച് സ്ഥാനാര്‍ഥിയോട് പറഞ്ഞത്. ജീവിക്കാന്‍ വല്ലാതെ പാടുപെടുകയാണെന്ന് ഫൗസിയ ബാനു സിദ്ദിഖിനോട് പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും തിരിച്ചുതരാമെന്ന് പറഞ്ഞതുകൊണ്ടാണ് പണം നല്‍കിയത്. പക്ഷേ ഒരാവശ്യം വന്നപ്പോള്‍ ലഭിച്ചില്ല. ഇപ്പോഴും ഫാക്ടറി തുറക്കുമെന്നാണ് പറയുന്നതെന്നും എന്നാല്‍ വിശ്വാസമില്ലെന്നും കുടുംബം പറഞ്ഞു. വിഷയത്തില്‍ രാഷ്ട്രീയത്തിനപ്പുറത്ത് ഇടപെടല്‍ നടത്തുമെന്ന് സിദ്ദിഖ് കുടുംബത്തിന് ഉറപ്പ് നല്‍കി. സി പി എമ്മിന് വോട്ടില്ലെന്ന് ബോര്‍ഡ് വെച്ച ഫൗസിയ ബാനുവിന്റെ വീട്ടിലെത്തി വോട്ടഭ്യര്‍ഥിക്കുന്ന സമയത്താണ് കുടുംബം നേരിട്ട പ്രയാസങ്ങള്‍ സ്ഥാനാര്‍ഥിക്ക് മുമ്പില്‍ പങ്കുവെച്ചത്. ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍ നിക്ഷേപിച്ച 32 ലക്ഷം രൂപയാണ് ഫൗസിയ ബാനുവിനും കുടുംബത്തിനും കിട്ടാനുള്ളത്. ഭര്‍ത്താവ് ഇബ്രാഹിമിന്റെ പേരിലായിരുന്നു ആദ്യം നിക്ഷേപം ഉണ്ടായിരുന്നത്. പിന്നീട് അത് തന്റെ പേരിലേക്ക് മാറ്റിയെന്നും ഇപ്പോള്‍ ജീവിതം വലിയ ബുദ്ധിമുട്ടിലാണെന്നും ഫൗസിയ ബാനു പറഞ്ഞു. പാര്‍ട്ടിയെ ദ്രോഹിക്കരുതെന്ന് കരുതിയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പലരും ബോര്‍ഡ് സ്ഥാപിച്ചപ്പോള്‍ തങ്ങളുടെ വീട്ടില്‍ ബോര്‍ഡ് വെക്കാതിരുന്നത്. ഇപ്പോള്‍ ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല സ്വന്തം മനസിന്റെ സംതൃപ്തിക്ക് വേണ്ടിയാണ് വലിയ അഴിമതിക്കെതിരെ പ്രതികരിച്ചതെന്നും അവര്‍ പറഞ്ഞു. ബി സുരേഷ്ബാബു, ടി ഹംസ, സി ശിഹാഹ്, ബി നാസര്‍ തുടങ്ങിയവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights