ഐ പി എല്ലിൽ ഇന്നലെ ലഖ്‌നൗ സൂപ്പർ ജയൻറ്സ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം അവസാനിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ ഹീറോ ജനിച്ചിരിക്കുകയാണ്, മുകുൾ ചൗധരി. ക്രിക്കറ്റ് ലോകം മുഴുവനും ആ താരത്തെ വാഴ്ത്തുന്ന തിരക്കിലാണ്.
മുമ്പ് ആരാധകർക്ക് അത്ര കേട്ട് കേഴ്വി ഇല്ലാത്ത പേരാണിതെങ്കിലും ഇനി മുകുൾ ചക്രവർത്തിയെന്ന പേര് അത്ര വേഗമൊന്നും ക്രിക്കറ്റ് ആരാധകർ മറക്കില്ലെന്ന കാര്യം ഉറപ്പാണ്. കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെതിരേ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെ വിജയിപ്പിച്ചതിന് പിന്നാലെ ഇപ്പോൾ മുകുൾ തരംഗമാണുള്ളത്.ലഖ്നൗ തോൽക്കുമെന്ന് കരുതിയ മത്സരമാണ് മുകുളിന്റെ ഒറ്റയാൾ പ്രകടനത്തിന്റെ കരുത്തിൽ ജയിച്ച് കയറിയത്. 27 പന്തിൽ 54 റൺസാണ് മുകുൾ നേടിയത്. 2 ഫോറും 7 സിക്സും ഉൾപ്പെടെ 200 സ്ട്രെെക്ക് റേറ്റിൽ നടത്തിയ മുകുളിന്റെ വെടിക്കെട്ടിൽ ക്രിക്കറ്റ് ലോകം കണ്ണു തള്ളിയിരിക്കുകയാണെന്ന് പറയാം. എംഎസ് ധോണിയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഹെലികോപ്ടർ ഷോട്ടടക്കം കളിച്ചാണ് മുകുൾ എല്ലാവരേയും വിസ്മയിപ്പിച്ചത്.
21 വയസ് മാത്രം പ്രായമുള്ള മുകുൾ ആഭ്യന്തര ക്രിക്കറ്റിൽ രാജസ്ഥാൻ താരമാണ്. താരത്തിന്റെ ആദ്യ ഐ പി എൽ സീസൺ കൂടിയാണിത്. 2.6 കോടിക്കാണ് ലഖ്നൗ മുകുളിനെ ടീമിലേക്ക് കൊണ്ടുവരുന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റോളിൽ കളിക്കുന്ന മുകുൾ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നാല് മത്സരത്തിൽ നിന്ന് 103 റൺസാണ് നേടിയിട്ടുള്ളത്.









