‘ചുമ്മാ കരയല്ലേ ആവശ്യമില്ലാതെ!’; കുഞ്ഞു ധ്യാനിനെ ആശ്വസിപ്പിക്കാൻ വീഡിയോ കോളിലെത്തി ‘സഞ്ജു ചേട്ടൻ’

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ചെന്നൈ സൂപ്പർ കിം​ഗ്സിന് വേണ്ടി തകർപ്പൻ സെഞ്ച്വറി നേടി തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജു സാംസൺ. പുതിയ തട്ടകത്തിൽ, ആദ്യ മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ട ശേഷം ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സഞ്ജു നേടിയ നിർണായക സെഞ്ച്വറി ആഘോഷമാക്കുകയാണ് ആരാധകർ. എന്നാൽ ഈ സെഞ്ച്വറിക്ക് മുൻപുതന്നെ സന്തോഷത്തിലാറാടിയിരിക്കുകയാണ് സഞ്ജുവിന്റെ കുട്ടി ആരാധകനായ ധ്യാൻ.

കോഴിക്കോട് വേദവ്യാസ വിദ്യാലയം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ആർ ധ്യാ‌നുമായി സഞ്ജു വീഡിയോ കോളിലെത്തി സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ തകർത്ത് ബാറ്റ് വീശുന്നതിന് രണ്ട് ദിവസം മുൻപാണ് തന്റെ കുട്ടി ഫാൻബോയ്‌യെ ആശ്വസിപ്പിക്കാൻ സഞ്ജു വീഡിയോ കോളിലെത്തിയത്.കഴിഞ്ഞയാഴ്ച സഞ്ജു കോഴിക്കോട്ടെത്തിയപ്പോൾ താരത്തെ നേരിൽ കാണാൻ സാധിക്കാത്ത വിഷമത്തിൽ ധ്യാൻ കരയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കോഴിക്കോട് വന്നപ്പോള്‍ മലബാർ ക്രിസ്റ്റ്യൻ കോളജിന്റെ ഗ്രൗണ്ടിൽ വൈകിട്ടാണ് സഞ്ജു എത്തിയത്. ആറാംക്ലാസുകാരന്‍ ധ്യാന്‍ എല്ലാ ദിവസവും ഇവിടെ മുടങ്ങാതെ പരിശീലനം നടത്താറുണ്ടായിരുന്നു. എന്നാൽ സഞ്ജു വന്ന ദിവസം രാവിലെയാണ് ധ്യാൻ പരിശീലനത്തിന് പോയത്. ഇതോടെ സഞ്ജുവിനെ കാണാനുള്ള അവസരം ധ്യാനിന് നഷ്ടമായി.ഇതിനുപിന്നാലെ ‘എനിക്ക് സഞ്ജുവിനെ കാണണം, ‍‍എനിക്ക് ഒരിക്കൽ പോലും ലക്കില്ല’ എന്ന് പറഞ്ഞു കരയുന്ന ധ്യാനിന്‍റെ വീഡിയോ ബന്ധു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇനിയും കാണാനാകുമെന്ന് പറഞ്ഞ് ധ്യാനിനെ പലരും ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും ‘ഇനി ഒരിക്കലും കാണാൻ പറ്റില്ല’ എന്ന് പറഞ്ഞ് ധ്യാന്‍ കരയുകയായിരുന്നു. വീഡിയോ സോഷയൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തു. കമന്‍റ് സെക്ഷനില്‍ സഞ്ജുവിനെ ടാഗ് ചെയ്തും ഒട്ടേറെപേരെത്തി. ഈ സങ്കടം സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞതോടെയാണ് സഞ്ജു നേരിട്ട് വീഡിയോ കോളിലൂടെ ധ്യാനിനെ വിളിച്ചത്.കോള്‍ എടുത്തയുടന്‍ ‘സഞ്ജു സാര്‍, എനിക്ക് വിശ്വസിക്കാനാകുന്നില്ല’ എന്നാണ് ധ്യാന്‍ പറയുന്നത്. ‘സ്കൂളിലൊന്നും പോയില്ലേ, അവധിയാണോ, പ്രാക്ടീസിന് പോകാറുണ്ടോ‘ എന്നെല്ലാം സഞ്ജു തന്റെ കുട്ടി ആരാധകനോട് ചോദിക്കുന്നുണ്ട്. അടുത്ത പ്രാവശ്യം വരുമ്പോൾ കാണാം എന്ന ഉറപ്പും നല്‍കുന്നു. സഞ്ജുവിനെ ധ്യാന്‍ ‘സാര്‍‘ എന്ന് വിളിക്കുമ്പോള്‍ ‘സാർ‘ എന്നൊന്നും വിളിക്കേണ്ട സഞ്ജുവെന്ന് വിളിച്ചാൽ മതിയെന്ന് സഞ്ജു തിരുത്തുന്നുണ്ട്. പിന്നാലെ സഞ്ജു ചേട്ടാ എന്ന് ധ്യാൻ വിളിക്കുകയും ചെയ്യുന്നുണ്ട്.ചുമ്മാ കരയല്ലേ ആവശ്യമില്ലാതെ‘ എന്ന് സഞ്ജു പറയുകയും ചെയ്യുന്നുണ്ടെങ്കിലും അപ്പോളേക്കും ധ്യാന്‍ വീണ്ടും കരയാന്‍ തുടങ്ങുന്നുണ്ട്. കുഴപ്പമില്ല അടുത്ത പ്രാവശ്യം ഒന്നിച്ച് ക്രിക്കറ്റ് കളിക്കാം എന്ന് ഉറപ്പുനല്‍കിയാണ് സഞ്ജു ധ്യാനിനെ ആശ്വസിപ്പിക്കുന്നത്. ധ്യാന്‍ വീണ്ടും സാറെ എന്നു വിളിക്കുമ്പോള്‍ ശരി സാറെ എന്നായിരുന്നു സഞ്ജുവിന്‍റെയും മറുപടി.കുഞ്ഞു ധ്യാനിന്റെ സ്‌നേഹവും പ്രാർത്ഥനയുമാണ് ഐപിഎല്ലിൽ സഞ്ജുവിന്റെ ഈ മികച്ച തിരിച്ചുവരവിന് കാരണമെന്നാണ് സോഷ്യൽ മീഡിയയിലെ ആരാധകരിൽ ചിലർ പറയുന്നത്. സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ധ്യാനിനെ സഞ്ജു വിളിച്ച ദൃശ്യങ്ങൾ ഇതിനോടകം മൂന്ന് മില്യണിലധികം ആളുകളാണ് കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights