പൂനെ: വ്യോമസേനയുടെ വിമാനം ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടു. വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തിന് പിന്നാലെ പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ താല്‍ക്കാലികമായി അടച്ചിരുന്നു. നിലവില്‍ റണ്‍വേയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. വിമാനസര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 10.25ഓടെയാണ് അപകടമുണ്ടായത്.ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ചക്രങ്ങള്‍ വിന്യസിക്കുന്നതില്‍ ഉണ്ടായ തകരാറാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. പതിവായിട്ടുള്ള പരിശീലന പറക്കലിനിടെയായിരുന്നു അപകടം. വിമാനം റണ്‍വേയില്‍ ഇടിച്ചിറങ്ങുകയായിരുന്നു. അപകടസമയം വിമാനത്തിലുണ്ടായിരുന്ന ജീവനക്കാര്‍ സുരക്ഷിതരാണെന്ന് വ്യോമസേന അറിയിച്ചു. മറ്റ് നാശനഷ്ടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും വ്യോമസേന വ്യക്തമാക്കി.ഈ വര്‍ഷം സുഖോയ് 30 എംകെഐ വിമാനവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ മാസം അഞ്ചിന് അസമിലെ കാര്‍ബി ആങ്‌ലോങ് ജില്ലയില്‍ സുഖോയ് വിമാനം തകര്‍ന്ന് വീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചിരുന്നു.അപകടം മൂലം നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. ഇന്‍ഡിഗോയുടെ സര്‍വീസുകളാണ് കൂടുതലായും റദ്ദാക്കിയത്. എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ആകാശ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ വിമാനക്കമ്പനികളെയും അപകടം ബാധിച്ചിട്ടുണ്ട്.
വ്യോമസേന വിമാനം അപകടത്തിൽപ്പെട്ടു; താൽക്കാലികമായി അടച്ച പൂനെ വിമാനത്താവളത്തിലെ പ്രവർത്തനം പുനരാരംഭിച്ചു









