മൂന്നു മാസത്തില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന മാതാവിനും പ്രസവാവധിബാധകം സുപ്രിംകോടതി

ന്യൂഡല്‍ഹി: മാതൃത്വം രക്തബന്ധത്തിലൂടെയോ പ്രസവത്തിലൂടെയോ മാത്രം നിര്‍വചിക്കപ്പെടുന്ന ഒന്നല്ലെന്ന് വ്യക്തമാക്കി സുപ്രിംകോടതി. മൂന്നു മാസത്തില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന മാതാവിനും പ്രസവാവധി നിഷേധിക്കാനാവില്ലെന്ന് കോടതി ഉത്തരവിട്ടു. ഇതുവരെ നിലവിലുണ്ടായിരുന്ന നിയമപ്രകാരം, മൂന്നു മാസത്തില്‍ താഴെ പ്രായമുള്ള കുട്ടിയെ ദത്തെടുക്കുന്ന മാതാവിന് മാത്രമാണ് 12 ആഴ്ചത്തെ അവധി ലഭിച്ചിരുന്നത്. എന്നാല്‍ ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് കണ്ടെത്തി കോടതി അത് റദ്ദാക്കി. ‘ഒരു കുഞ്ഞിനെ ദത്തെടുക്കുന്നത് ഒരു കുടുംബം നിര്‍മ്മിക്കുന്നതിന്റെ സമാനമായ പ്രക്രിയയാണ്’ എന്ന് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാലയും ആര്‍ മഹാദേവനും ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. ജൈവിക മാതൃത്വത്തിന് ലഭിക്കുന്ന എല്ലാ അംഗീകാരവും പരിഗണനയും ദത്തെടുക്കുന്ന മാതാവിനും ലഭിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. കുഞ്ഞിന്റെ പ്രായം എന്തുതന്നെയായാലും, പുതിയ സാഹചര്യത്തിലേക്ക് ഇണങ്ങിച്ചേരാനും മാതാപിതാക്കളുമായി മാനസിക ബന്ധം സ്ഥാപിക്കാനും സമയം ആവശ്യമാണ്. ഈ സാഹചര്യത്തില്‍, അവധി നിഷേധിക്കുന്നത് കുട്ടിയുടെയും മാതാവിന്റെയും അവകാശങ്ങളെ ബാധിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ വിധിയിലൂടെ ദത്തെടുക്കുന്ന മാതാവിന് അവരുടെ കുഞ്ഞുങ്ങളുമായി ബന്ധം ശക്തിപ്പെടുത്താനും, അവരെ പരിചരിക്കാനും ആവശ്യമായ സമയം ഉറപ്പാക്കപ്പെടുന്നു. മാതൃത്വത്തിന്റെ യഥാര്‍ഥ അര്‍ഥമെന്നും സമൂഹത്തിന് മുന്നില്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നതാണ് ഈ വിധി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights