ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

വത്തിക്കാന്‍: ചരിത്ര പ്രഖ്യാപനവുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറി, പിന്നീട് വൈദികനായി മാറിയ എല്‍ സാല്‍വദോര്‍ സ്വദേശി എവേലിയോ മെന്‍ജിവര്‍ അയാലയെ യെ ബിഷപ്പായി നിയമിച്ചു. വെസ്റ്റ് വെര്‍ജീനിയയിലെ വീലിംഗ്-ചാര്‍ലസ്റ്റണിലേക്കാണ് ബിഷപ്പിന്റെ നിയമനം. കുടിയേറ്റക്കാര്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നടപടികള്‍ ശക്തമാക്കുമ്പോഴാണ് മാര്‍പാപ്പയുടെ ഈ പ്രഖ്യാപനം.1990ലാണ് ബിഷപ്പ് മെന്‍ജിവര്‍-അയാല അമേരിക്കയിലേക്ക് കുടിയേറിയത്. 2023ല്‍ അദ്ദേഹം അമേരിക്കയിലെ ആദ്യത്തെ സാല്‍വഡോറന്‍ ബിഷപ്പായി മാറി, വാഷിങ്ടണ്‍ അതിരൂപതയില്‍ സഹായ മെത്രാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.വലിയ സന്തോഷത്തോടും വിനയത്തോടും കൂടി ഈ പുതിയ ദൗത്യം സ്വീകരിക്കുന്നുവെന്ന് 56കാരനായ മെന്‍ജിവര്‍-അയാല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുവാക്കളുടെ ആശയങ്ങള്‍ കേള്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും, ദരിദ്രരുടെയും തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും ശബ്ദം കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.മെന്‍ജിവര്‍-അയാലയുടെ പൗരോഹിത്യത്തിലേക്കുള്ള യാത്ര ദുര്‍ഘടമായിരുന്നു. സാല്‍വഡോറന്‍ ആഭ്യന്തരയുദ്ധത്തിന്റെ അക്രമങ്ങള്‍ക്കിടയില്‍ വീടുവിട്ട് പലായനം ചെയ്യുന്നതിനിടെ സൈനികരുടെ വെടിയുണ്ടകളില്‍ നിന്ന് താനും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. മൂന്നാമത്തെ ശ്രമത്തിലാണ് അമേരിക്കയിലെത്താനായത്. തൂപ്പുകാരനായും നിര്‍മാണ തൊഴിലാളിയായും ജോലി ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights