പത്തനംതിട്ട ∙ റാന്നിയിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതി റാന്നി ബ്ലോക്ക്പടി വടക്കേടത്ത് അതുൽ സത്യന് (32) ജീവപര്യന്തവും 25 വർഷം കഠിന തടവും 3.5 ലക്ഷം രൂപ പിഴയും ശിക്ഷ. കീക്കൊഴൂർ ഇരട്ടപ്പനയ്ക്കൽ രജിത മോളാണ് (27) കൊല്ലപ്പെട്ടത്. 2023 ജൂൺ 24നാണ് സംഭവം. കൊലപാതക കുറ്റത്തിന് ജീവപര്യന്തം കഠിനതടവും രജിതയുടെ മാതാപിതാക്കളെ വെട്ടിപ്പരുക്കൽപ്പിച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് 24 വർഷം കഠിനതടവുമാണ് അനുഭവിക്കേണ്ടത്. അഡിഷനൽ ജില്ലാ കോടതി (1) ജഡ്ജി ജി.പി.ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. വിചാരണ കാലയളവിൽ പ്രതിക്കു ജാമ്യം ലഭിച്ചിട്ടില്ല. ഇയാൾ കാപ്പ കേസ് പ്രതിയുമാണ്.അതുലും രജിതയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. കൊല്ലുമെന്ന ഭീഷണിയെ തുടർന്ന് രജിത സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഭീഷണി ചൂണ്ടിക്കാട്ടി രജിതയുടെ അമ്മ റാന്നി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ ദിവസം രാത്രി 8 മണിയോടെ രജിതയുടെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് പ്രതി ക്രൂരമായ ആക്രമണം നടത്തിയത്. 20 വെട്ടുകളാണ് രജിതയുടെ ശരീരത്തിലുണ്ടായിരുന്നത്. ചിരവ ഉപയോഗിച്ച് മുഖത്തും അടിച്ചു. തടസ്സം പിടിക്കാനെത്തിയ രജിതയുടെ അച്ഛൻ വി.എം.രാജു, അമ്മ ഗീത, ഇളയ സഹോദരി അപ്പു എന്നിവർക്കും വടിവാൾ കൊണ്ടുള്ള വെട്ടേറ്റു, സംഭവത്തിനു ശേഷം ബൈക്കിൽ കടന്ന അതുലിനെ തട്ടേക്കാടിനു സമീപം ആളൊഴിഞ്ഞ പഴയ വീട്ടിൽ നിന്നാണ് പിടികൂടിയത്.
തനിക്കെതിരെ പൊലീസിൽ പരാതി നൽകിയതും വീട്ടിലേക്കു ഒപ്പം വരാതിരുന്നതുമാണ് പ്രതിയെ പ്രകോപിതനാക്കിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. മറ്റൊരു കൊലപാതകത്തിനും കഞ്ചാവ് കടത്തലിനും അതുൽ മുൻപ് അറസ്റ്റിലായിട്ടുണ്ട്. രജിതയും അതുലും വർഷങ്ങളായി ഒന്നിച്ചാണ് താമസിച്ചിരുന്നതെങ്കിലും വിവാഹം കഴിച്ചിരുന്നില്ല. ഇവർക്ക് 2 കുട്ടികളുണ്ട്. ആക്രമണ സമയത്ത് ഈ കുട്ടികളും വീട്ടിലുണ്ടായിരുന്നു. പിഴത്തുകയായ 3.5 ലക്ഷം രൂപ കുട്ടികൾക്ക് നൽകണം. പ്രോസിക്യൂഷനുവേണ്ടി ഹരിശങ്കർപ്രസാദ് ഹാജരായി.
വിധി അറിയാൻ മാതാപിതാക്കൾ
പത്തനംതിട്ട ∙ കൺമുന്നിൽ മകൾ കൊലചെയ്യപ്പെട്ട സംഭവം ഓർക്കുമ്പോൾ രാജുവിന്റെ വാക്കുകൾ ഇടറി. കണ്ണുകൾ നിറഞ്ഞു. രാജുവിന്റെ മൂത്ത മകളാണ് രജിത. വിധി അറിയാൻ കോടതി സമുച്ചയത്തിൽ രാജുവും ഭാര്യ ഗീതയും ഇളയ മകൾ അപ്പുവും എത്തിയിരുന്നു. അതുലിന്റെ ആക്രമണത്തിൽ രാജുവിന്റെ കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. തടിപ്പണി ചെയ്തിരുന്ന രാജുവിന് സ്ഥിരമായി ജോലിക്ക് പോകാൻ കഴിയാത്ത നിലയാണ്. ‘ചോർ പോലും ഞാൻ കഴിക്കുന്നത് സ്പൂൺ ഉപയോഗിച്ചാണ്, കൈവിരൽ മടക്കാൻ കഴിയുന്നില്ല’ രജിതയുടെ അമ്മ ഗീത പറഞ്ഞു. ഗീതയുടെ കൈയ്ക്കും സാരമായ പരുക്കേറ്റിരുന്നു.
നേരത്തെ കേസിന്റെ വിചാരണ വേളയിൽ കണ്ണീരോടെയാണ് രാജുവും ഗീതയും മൊഴി നൽകിയത്. അതുലിന്റെയും രജിതയുടെയും മകനും മൊഴി നൽകി. പ്രോസിക്യൂട്ടർ ഹരിശങ്കർപ്രസാദ് ഹാജരായ കേസുകളിൽ 14ാമത് ജീവപര്യന്തമാണ് ഇന്നലെ വിധിക്കപ്പെട്ടത്. മേയ് 23ന് പ്രോസിക്യൂട്ടർ പദവിയിലെ കാലാവധി കഴിയും. പബ്ലിക് പ്രോസിക്യൂട്ടറെയും കോർട്ട് ലെയ്സണായ എഎസ്ഐ പി.ജെ.ആൻസിയെയും കോടതി പ്രത്യേകം അഭിനന്ദിച്ചു. റാന്നി പൊലീസ് ഇൻസ്പെകടറായിരുന്ന പി.എസ്.വിനോദാണ് അന്വേഷണം നടത്തിയത്.








