നെടുങ്കണ്ടം : അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചിട്ട സംഭവത്തിൽ അറസ്റ്റിലായ സജിയുടെ വീട്ടിൽ, മണ്ണുമാറ്റി നടത്തിയ പരിശോധനയിൽ തലയോട്ടിയും അസ്ഥിയും ജീർണിച്ച വസ്ത്രങ്ങളും കണ്ടെത്തി. 8 വർഷം മുൻപു കാണാതായ പിതാവ് മാത്യുവിനെ സജി കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണു പൊലീസ്. നേരത്തേ തൊഴുത്തിരുന്ന ഭാഗത്തുനിന്നു ലഭിച്ച അസ്ഥി ആയതിനാൽ പശുവിന്റേതാണോ എന്നും അന്വേഷണസംഘത്തിനു സംശയമുണ്ട്.മേരി (71), മൂത്ത മകൻ റെജി (54) എന്നിവരെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിൽ കഴിഞ്ഞ മാസമാണു സജി അറസ്റ്റിലായത്. സജിയെ ചോദ്യം ചെയ്യുന്നതിനിടെ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇന്നലെ പരിശോധന നടത്തിയത്. ഇന്നലെ വൈകിട്ട് 3നു തോട്ടുവാക്കടയിലെ വീട്ടിലെത്തിയ പൊലീസ് വിറകുപുരയോടു ചേർന്നുള്ള ഭാഗത്തു മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പരിശോധന നടത്തി. 5 അടിയോളം കുഴിച്ചപ്പോഴാണ് അസ്ഥിയുടെ കഷണവും വസ്ത്രാവശിഷ്ടങ്ങളും കണ്ടെത്തിയത്. പിന്നീടു സമീപത്തുതന്നെ നടത്തിയ തിരച്ചിലിൽ തലയോട്ടിയുടെ ഭാഗങ്ങളും കണ്ടെത്തി. ഇവ കൂടുതൽ പരിശോധനയ്ക്കായി മാറ്റി.
∙ എവിടെ മാത്യു ?
പാസ്റ്ററായിരുന്ന മാത്യുവിനെ (73) 2018 മേയ് 5 മുതലാണു കാണായത്. സുവിശേഷവേലയ്ക്കായി മാറിനിന്നതാകുമെന്നും മകൾ സിനിയുടെ വീട്ടിലാകാമെന്നും കരുതി ആദ്യം പൊലീസിൽ വിവരം അറിയിച്ചില്ല. മേയ് 9നു സജിയുടെ സഹോദരൻ റെജി പരാതി നൽകിയത്. മാനസിക വെല്ലുവിളി നേരിടുന്ന ഇളയ മകൾ ജിജിക്കു മരുന്നുവാങ്ങുന്നതിനു വേണ്ടി പോവുകയാണെന്നു പറഞ്ഞ് മാത്യു വീടുവിട്ടിറങ്ങിയെന്നാണ് എഫ്ഐആറിലെ വിവരം. ഇടതു സഹയാത്രികനായിരുന്ന മാത്യു പാസ്റ്ററായതിനു പിന്നാലെയാണു രാഷ്ട്രീയത്തിൽനിന്നു പിൻവാങ്ങിയതെന്നു നാട്ടുകാർ പറയുന്നു.







