തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം വിജയ് നടത്തിയ പ്രസംഗം വൈറലായി മാറിയിരുന്നു. സിനിമകളെ വെല്ലുന്ന തീപ്പൊരി പ്രസംഗമായിരുന്നു വിജയ് യുടേത്. എന്നാല്‍ പ്രസംഗത്തില്‍ വിജയ് നടത്തിയൊരു പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹപാഠി കൂടിയായ എഴുത്തുകാരന്‍ മനു ജോസഫ്.താന്‍ ദാരിദ്ര്യത്തിലൂടെയാണ് വളര്‍ന്നതെന്നും വിശപ്പ് എന്തെന്ന് തനിക്ക് അറിയാമെന്നും വിജയ് പ്രസംഗിച്ചിരുന്നു. വിജയ്‌യുടെ ഈ പ്രസ്താവന അസംബന്ധമാണെന്നാണ് മനു ജോസഫ് പറയുന്നത്. എക്‌സ് പോസ്റ്റിലൂടെയാണ് തിരക്കഥാകൃത്ത് കൂടിയായ മനു ജോസഫിന്റെ പ്രതികരണം. വിജയ്‌യും താനും മൂന്നാം ക്ലാസില്‍ ഒരുമിച്ച് പഠിച്ചിരുന്നതാണെന്നും മനു ജോസഫ് പറയുന്നുണ്ട്.”തമിഴ്‌നാട് മുഖ്യമന്ത്രിയായുള്ള തന്റെ ആദ്യ പ്രസംഗത്തില്‍ വിജയ് പറഞ്ഞത് താന്‍ ദാരിദ്ര്യത്തിലാണ് വളര്‍ന്നത്, വിശപ്പ് എന്താണെന്ന് തനിക്കറിയാം എന്നാണ്. അത് ശുദ്ധ അസംബന്ധമാണ്. കാരണം അദ്ദേഹം ലയോള സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ എന്റെ സഹപാഠിയായിരുന്നു. തന്റെ മകന് സിനിമയില്‍ ഒരു കരിയര്‍ ഉണ്ടാക്കിയെടുത്തയാളായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍. അദ്ദേഹത്തിന്റെ അച്ഛനെപ്പോലെ മിക്ക സിനിമക്കാരും സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയിട്ടുണ്ടാകാമെന്നത് ശരിയാണ്. പക്ഷെ അത് തമിഴ്‌നാട്ടിലെ യഥാര്‍ത്ഥ ദാരിദ്രത്തിന് തുല്യമല്ല. സമ്പന്നരായ മിക്ക ആണ്‍കുട്ടികളും കയ്യില്‍ പണമില്ലാത്ത അവസ്ഥയെ ദാരിദ്ര്യമായി തെറ്റിദ്ധരിച്ചിട്ടുണ്ട്. രണ്ടും തീര്‍ത്തും വ്യത്യസ്തമാണ്” എന്നാണ് അദ്ദേഹം പറയുന്നത്.ദാരിദ്രത്തില്‍ നിന്നും സമ്പന്നതയിലേക്ക് വളർന്നതിന്റെ കഥകളാണ് ഇക്കാലത്തെ ഏറ്റവും വലിയ നുണകളെന്നും മനു ജോസഫ് പറയുന്നു. ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം ദാരിദ്ര്യവുമായി ബന്ധപ്പെടുത്തി സംസാരിച്ചത്. താന്‍ ഒരു രാജകുടുംബത്തിലല്ല ജനിച്ചതെന്നും, സിനിമയില്‍ വിജയിക്കാന്‍ കഠിനാധ്വാനം ചെയ്ത ഒരു സാധാരണ അസിസ്റ്റന്റ് ഡയറക്ടറുടെ മകനായാണ് വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.എഴുത്തുകാരനും തിരക്കഥാകൃത്തുമായ മനു ജോസഫിന്റെ പിതാവ് തോരണം എന്ന മലയാള സിനിമയുടെ സംവിധായകനാണ്. മനു ജോസഫ് എഴുതിയ സീരിയസ് മെന്‍ എന്ന നോവല്‍ ഏറെ പ്രശസ്തമാണ്. ഈ സീരീസ് പിന്നീട് നെറ്റ് ഫ്‌ളിക്‌സ് സീരീസായെത്തി കയ്യടി നേടി. നവാസുദ്ദീന്‍ സിദ്ദീഖിയായിരുന്നു പ്രധാന വേഷത്തിലെത്തിയത്. നെറ്റ്ഫ്‌ളിക് സീരീസായ ഡീകപ്പിള്‍ഡിന്റെ ക്രിയേറ്ററുമാണ് മനു ജോസഫ്.
‘വിജയ്‌യുടെ ദാരിദ്ര്യ കഥ പച്ചക്കള്ളം!; അദ്ദേഹം സ്‌കൂളില്‍ എന്റെ സഹപാഠി’; തുറന്നടിച്ച് എഴുത്തുകാരന്‍ മനു ജോസഫ്








