ഫീല്‍ഡിങ്ങും ബൗളര്‍മാരും നിരാശപ്പെടുത്തി, തോല്‍വിക്കുകാരണം കണ്ടെത്തി ശ്രേയസ് അയ്യര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ പഞ്ചാബ് കിങ്‌സിന്റെ തുടര്‍ത്തോല്‍വി ടീന് കനത്ത ആഘാതമായി. ഡല്‍ഹി ക്യാപിറ്റല്‍സിനോട് മൂന്നുവിക്കറ്റിനാണ് ടീം തോറ്റത്. ഇതോടെ പ്ലേ ഓഫ് സാധ്യതകള്‍ക്കും മങ്ങലേറ്റു. ജയിച്ചാല്‍ ഒന്നാം സ്ഥാനത്തേക്കെത്താമായിരുന്ന സാഹചര്യത്തില്‍ നിന്നാണ് പഞ്ചാബ് നാലാം സ്ഥാനത്തുതന്നെ തുടരുന്നത്. എന്നാല്‍ മത്സരശേഷം ബൗളിങ് യൂണിറ്റിനും ഫീല്‍ഡര്‍മാര്‍ക്കും നേരെയാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ രൂക്ഷവിമര്‍ശനം. തോല്‍വിക്കുപ്രധാന കാരണം ഫീല്‍ഡിങ്ങിലെ വീഴ്ചകളും ബൗളിങ്ങിലെ പിഴവുകളുമാണെന്ന് ശ്രേയസ് അയ്യര്‍ ചൂണ്ടിക്കാട്ടി.വെല്ലുവിളി നിറഞ്ഞ പിച്ചില്‍ തങ്ങളുടെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ടീം പരാജയപ്പെട്ടെന്ന് ശ്രേയസ് അയ്യര്‍ പറഞ്ഞു. പിച്ച് സീമര്‍മാര്‍ക്ക് സഹായകരമാണെങ്കിലും പ്രകടനത്തില്‍ സ്ഥിരത പുലര്‍ത്താത്തത് തിരിച്ചടിയായി. നന്നായി പന്തെറിഞ്ഞിരുന്നെങ്കില്‍ മത്സരത്തിലേക്ക് തിരിച്ചെത്താനും അതുവഴി വിജയിക്കാനും സാധിക്കുമായിരുന്നുവെന്നും ശ്രേയസ് അയ്യര്‍ പറഞ്ഞു. ഫീല്‍ഡിങ്ങിലെ പിഴവുകളും തോല്‍വിക്ക് ഘടകമായെന്ന് പഞ്ചാബ് ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യം ബാറ്റുചെയ്ത പഞ്ചാബ് ഡല്‍ഹിക്കെതിരെ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് എടുത്തിരുന്നു. മികച്ച സ്‌കോര്‍ ഒരുക്കിയതിലൂടെ വിജയത്തിലെത്താനാകുമെന്നായിരുന്നു പഞ്ചാബിന്റെ കണക്കുകൂട്ടല്‍. പ്രിയാന്‍ഷ് ആര്യയുടെ മികച്ച ഇന്നിങ്സില്‍ തുടങ്ങി, നായകന്‍ ശ്രേയസ് അയ്യരിലൂടെയാണ് മികച്ച സ്‌കോര്‍ അടിച്ചെടുത്തത്. പ്രിയാന്‍ഷ് ആര്യ 33 പന്തില്‍ 56 റണ്‍സെടുത്തു. ആറുസിക്സും രണ്ടുഫോറും അകമ്പടിയായി. ശ്രേയസ് അയ്യര്‍ 36 പന്തില്‍ മൂന്ന് സിക്സും അഞ്ചുഫോറും ഉള്‍പ്പടെ 59 റണ്‍സിലെത്തി.പ്രഭ്സിമ്രാന്‍ സിങ് (18), കൂപ്പര്‍ കോണൊലി (38) എന്നിവരും പൊരുതി. മാര്‍ക്കസ് സ്റ്റോയ്നിസും (ഒന്ന്) ശശാങ്ക് സിങ്ങും (പൂജ്യം) വേഗം മടങ്ങി. സൂര്യന്‍ഷ് ഷെഡ്ഗെ (21) പുറത്താകാതെ നിന്നു. അര്‍ഷ്ദീപ് സിങ് മാത്രമാണ് ഡല്‍ഹിക്കെതിരെ മികച്ച പ്രകടനം നടത്തിയത്. അദ്ദേഹം നാലോവറില്‍ 21 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തി. എന്നാല്‍ യാഷ് താക്കൂര്‍, മാര്‍ക്കോ യാന്‍സന്‍, വെന്‍ ധ്വാര്‍ഷ്യുസ്, മാര്‍ക്കസ് സ്‌റ്റോയ്‌നിസ് എന്നിവര്‍ അടി വാങ്ങി. യാഷ് താക്കൂര്‍ 55 റണ്‍സ് വഴങ്ങിയെങ്കിലും രണ്ടുവിക്കറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights